Friday, September 25, 2026

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം അച്ചടിച്ചത് ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 25.80 കോടിയുടെ വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിലെ ഒരു ആംബുലന്‍സില്‍ നിന്ന് 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തതായി ഗുജറാത്ത് പോലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകളില്‍ ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് അച്ചടിച്ചത്.

അഹമ്മദാബാദ് – മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് എസ് പി ഹിതേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആറ് കാര്‍ട്ടലുകളിലായി 1290 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍ കണ്ടെത്തിയത് . 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്തായി ഇന്ത്യയില്‍ നിന്നും പിടികൂടിയ ഏറ്റവും വലിയ വ്യാജ നോട്ട് ശേഖരമാണിത്.

Related Articles

Latest Articles