തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശക്തമായി മത്സരിക്കാൻ എൻഡിഎ നേതൃയോഗത്തിന്റെ തീരുമാനം. ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ 22 ന് എൻഡിഎ യോഗം ചേരുമെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലെ തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്ഥാനാർത്ഥി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും, സീറ്റിനായി ചില ഘടകകക്ഷികളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
പൊതുവെയുളള അഭിപ്രായം ബിജെപി തന്നെ മത്സരിക്കണമെന്നാണ്. എന്നാൽ ഘടകകക്ഷികൾ ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് അത് തളളിക്കളയില്ലെന്നും പരിഗണിക്കുമെന്നും പറഞ്ഞ സുരേന്ദ്രൻ വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം ഇത്തവണ സർവ്വശക്തിയുമെടുത്താകും തൃക്കാക്കരയിൽ എൻഡിഎ മത്സരിക്കുക. മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഇതിനായി പ്രവർത്തിക്കുമെന്നും സജീവമായി താഴെത്തലം മുതൽ ശക്തമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പിടി തോമസ് എംഎൽഎയുടെ മരണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

