ആലപ്പുഴ: കേരളത്തിൽ അങ്ങോളമിങ്ങോളം സഹകരണ മേഖലയിൽ നടന്ന തട്ടിപ്പും കർഷക ആത്മഹത്യകളും നരബലി തന്നെയെന്ന് സുരേഷ് ഗോപി. സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കർഷകരുമാണ് ആത്മഹത്യ ചെയ്തതെന്ന് സുരേഷ് ഗോപി ചോദിച്ചു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിന് എതിരെ ഏകദിന സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോണിന്റെയും ജപ്തിയുടെയും പേരിൽ 90കളിൽ നടന്ന ആത്മഹത്യകൾ. ലോൺ ആരാണ് നൽകിയത്, ജപ്തിക്ക് ആരാണ് മുന്നോട്ട് ചെന്നത്? ആ മാതാപിതാക്കളുടെ മക്കൾ എത്തേണ്ടിടത്ത് എത്തിയോ? എത്തിക്കാത്തത് ആരാണ്? ഇത്തരം ആത്മഹത്യകളും ഒരുതരത്തിൽ നരബലിയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
തട്ടിപ്പിന് ഇരയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയാണ്. എല്ലാ തട്ടിപ്പുകളെക്കുറിച്ചും ധാരണയുണ്ടായിട്ടും വീണ്ടും അതിൽ തന്നെ പോയി വീഴുന്നതാണ് ഇത്തരക്കാരുടെ പ്രശ്‌നം. ഇതിൽ പോയി ഇനിയും വീഴരുതെന്ന് മുഖ്യമന്ത്രിയാണോ പഠിപ്പിക്കേണ്ടത്. സമൂഹത്തിൽ അധമമായി നടക്കുന്ന പ്രവൃത്തികളിലേക്ക് സ്വന്തം സംഭാവന ഉണ്ടാകില്ലെന്ന് ഓരോരുത്തരും കരുതിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതുതന്നെയാണ് സഹകരണ ബാങ്കുകളിലെയും പ്രശ്‌നം. നിക്ഷേപകർ ഇനിയുണ്ടാകരുത്. ആഭിചാരക്രിയകൾ അഭിവൃദ്ധിക്ക് വേണ്ടി ചെയ്യുന്നത് പോലെ നിക്ഷേപകർ അവരുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് പണം ബാങ്കിനെ ഏൽപ്പിക്കുന്നത്. അവർ ചതിക്കപ്പെട്ട് ആത്മഹത്യയിലേക്ക് തിരിയുമ്പോൾ അത് നരബലിയാകുകയാണെന്നും ആലപ്പുഴയിൽ മാദ്ധ്യമങ്ങളെ കാണവേ സുരേഷ് ഗോപി ആഞ്ഞടിച്ചു.

