കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി എം.പി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം കൊടുത്തിട്ടും അത് പാലിച്ചില്ല. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. തുരങ്ക നിർമ്മാണവുമായി മുന്നോട്ടു പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരേഷ്ഗോപി പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ സ്ഥിതിഗതികൾ സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്നാണ് ഞാൻ കരുതുന്നത്. കൂടുതൽ സേനയുടെയോ വിദഗ്ധരുടെ സേവനമോ ആവശ്യമുണ്ടെങ്കിൽ അവർ തീർച്ചയായും ആവശ്യപ്പെടും. അത് ഒരു സഹായമോ സേവനമോ അല്ല, ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്നുകൂടി അദ്ദേഹം പറഞ്ഞു.
ഇതുവരെ കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നു.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.മണ്ണിടിച്ചിലിൽ മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പോലീസും ഒരു യുണീറ്റ് ഫയർഫോഴ്സും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്.
പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങിയിരുന്നു. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6 പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ്.
തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു. എന്നാൽ സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
വയനാട് ജില്ലയിൽ ഇന്ന് രാവിലെ മുതൽ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴയാണ് പെയ്തത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി.

