Tuesday, October 20, 2026

ആലപ്പുഴയിൽ കാമുകനെ വെട്ടി വീഴ്ത്തി മുൻഭാര്യയെ തട്ടിക്കൊണ്ട് പോയ കേസ് ; പ്രതി അറസ്റ്റിൽ ; പിടിയിലായത് തിരുപ്പൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന്

ആലപ്പുഴയിൽ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി കാമുകനെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് മുൻഭാര്യയെ തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിലായി. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിൻ (35) ആണ് അറസ്റ്റിലായത്. ഇയാൾ തട്ടിക്കൊണ്ടുപോയ വേഴപ്ര ഇരുപതിൽചിറ രഞ്ജിനിയെയും (30) പൊലീസ് തിരിപ്പൂരിൽനിന്നു കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് രാമങ്കരി പഞ്ചായത്ത് വേഴപ്ര പുതുപ്പറമ്പിൽ ബൈജുവിനെ (37), സുബിൻ വീട്ടിൽ കയറി വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപ്പിച്ചത്. കൈവിരൽ അറ്റുപോയ ബൈജു ഇപ്പോൾ കോട്ടയം ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാമുകനെ വെട്ടി വീഴ്ത്തിയ ശേഷം രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയിൽ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ സുബിന്റെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടായിരുന്നു. സുബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. രഞ്ജിനിയും അവിടെ ഉണ്ടായിരുന്നു.

സുബിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ആ ബന്ധം ഉപേക്ഷിച്ചു രഞ്ജിനി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയത്. ഈയിടെ അവിവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായി ഒരുമിച്ചു താമസം തുടങ്ങി. ഇതറിഞ്ഞാണ് സുബിൻ അവിടെയെത്തി അക്രമം നടത്തിയത്. 17ന് രാത്രി സുബിൻ ബൈജുവിന്റെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കയറി രഞ്ജിനിയെയാണ് ആദ്യം വെട്ടിയത്. പിന്നീട് ബൈജുവിനെ പലതവണ വെട്ടി. അതിനു ശേഷം രഞ്ജിനിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇവർ എസി റോഡിൽ നിന്ന് ഓട്ടോയിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ ആദ്യം എറണാകുളത്തേക്കും അവിടെ നിന്നു മറ്റൊരു ട്രെയിനിൽ തിരുപ്പൂരിലേക്കും പോകുകയായിരുന്നു.

Related Articles

Latest Articles