Thursday, December 25, 2025

ശ്രീ നാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യൻ ബ്രഹ്മശ്രീ ശിവലിംഗദാസസ്വാമിയുടെ നൂറ്റിമൂന്നാം സമാധിദിനം ജനുവരി 8 ശനി; യുവയോഗിയെ തൊട്ടുതീണ്ടിയതിന് ഗൃഹവിലക്ക് നേരിട്ട നായർ യുവാവ്

പിൽക്കാലത്തു ഒന്നുകാണാൻ മാലോകർ കൈകൂപ്പി കാത്തുനിന്ന മഹാഗുരു, ജഗത്ഗുരുവായി ലോകം
ആരാധിക്കുന്ന മഹർഷീശ്വരൻ. മഹാത്മാ ഗാന്ധി,രമണ മഹർഷി, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, C.F.ആൻഡ്രൂസ് തുടങ്ങിയ മഹാത്മാക്കൾ വണങ്ങിയ കർമയോഗി ശ്രീ നാരായണ ഗുരു. ഒരു യുവസന്യാസി ആയിരുന്നപ്പോൾ ആ മഹാത്മാവിനെ തൊട്ടുതീണ്ടിയതിന് ഗൃഹവിലക്കു നേരിട്ട ഒരു നായർ യുവാവുണ്ട്. അരുവിപ്പുറം പ്രതിഷ്ഠക്കു കുറച്ചുനാൾ മുൻപ് നെയ്യാറിലെ ശങ്കരൻ കുഴിയുടെ തീരത്തുള്ളപാറപ്പുറത്തു ധ്യാനത്തിൽ ഇരുന്ന യുവയോഗിയെ ഏതാണ്ട് 20വയസുള്ള കൊച്ചപ്പിപ്പിള്ള എന്ന നായർ യുവാവ് കണ്ടെത്തുന്നു. അഭൗമ തേജസുള്ള ആ യുവയോഗിയുടെ സന്തത സന്ദർശകനായി ആ യുവാവു മാറി. യുവയോഗിയുടെ ശിരസ്സിനു മുകളിൽ ഒരുദിവ്യപ്രകാശ വലയം ആ യുവാവിന്റെ അകക്കണ്ണിൽ തെളിഞ്ഞു. ഒരുദിനം യോഗിവിശന്നിരുന്നപ്പോൾ ചുട്ടമരച്ചീനിയുമായി ആ യുവാവ് വന്ന് യോഗിക്കൊപ്പം അതു പങ്കിട്ടു തിന്നു. മുൻപ് യുവയോഗിക്കുമുൻപിൽ കുഷ്ട്ടരോഗിയുടെ രൂപത്തിൽ വന്ന് അവിൽ കൊടുത്ത മഹേശപുത്രൻ വേലായുധൻ ആയിരിക്കുമോ ഈ യുവാവിനെ അയച്ചത്.

ഏതായാലും താൻ കൊടുത്ത ആഹാരം യോഗി കഴിച്ചപ്പോൾ ആ പുണ്യ ശാലിയായ യുവാവിന്റെ അന്തരാ ത്മാവിൽ അതു സുകൃതഹാരമായി പെയ്തിറങ്ങിയിരിക്കണം. പണ്ട് ഉണ്ണാനില്ലാതണഞ്ഞ അഗതിക്കു ഒരുപിടി അവലിനു, അർത്ഥം ഏറെ കൊടുത്ത ഉണ്ണിക്കണ്ണനെപ്പോലെ യോഗീശ്വരൻ ആ ബാലന്റെ അന്തരാ ത്മാവിൽ പകരമായി ആധ്യാത്മിക ജ്ഞാത്തിന്റെ അകക്കണ്ണ് തുറന്നു കൊടുത്തു. യുവയോഗിയെ തൊട്ടു തീണ്ടി ആഹാരം കഴിക്കുന്നവിവരം വീട്ടിൽ അറിയുന്നു. ആ കാലഘട്ടത്തിൽ ഒരു നായർ തറവാടിന് ഉൾകൊള്ളാൻ ആവാത്ത കാര്യം. ഉപദേശം ശാസന ഒന്നുകൊണ്ടും കുട്ടിയെ തടയാൻ കഴിഞ്ഞില്ല. മഹാസമുദ്രത്തിൽ ലയിക്കുവാൻ വെമ്പൽകൊള്ളുന്ന കുഞ്ഞരുവിയെ മൺചിറകെട്ടി ഗതിമാറ്റി വിടാനുള്ള പാഴ്ശ്രമം. സ്വയമേ ഈശ്വര ഉപാസകനായിരുന്ന ബാലൻ യുവയോഗിയിൽ ഈശ്വര ചൈതന്യം കണ്ടെത്തിയിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥ അനുസരിച്ചു ആ കുടുംബംതന്നെ ഊരുവിലക്കിനുവിധേയമാകുന്ന പാതകം.

തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ, ദൃഷ്ടിയിൽ പ്പെട്ടാലുംദോഷമുള്ളോർ, കെട്ടില്ലാത്തോർ, തമ്മിൽ ഉണ്ണാത്തോർ ഇങ്ങനെ ഒട്ടനവധി ജാതി കോമരങ്ങൾആടി തിമിർത്തിരുന്ന കാലം. അവസാനം ഊരുവിലക്ക് ഭയന്ന് വീട്ടുകാർ ആ യുവാവിനെ വീട്ടിൽനിന്നും ഇറക്കി വിട്ടു. പിന്നെ തിരിഞ്ഞു നോക്കാത്ത ആദ്ധ്യാത്മിക ജീവിതം, ഗുരുദർശനപാതയിൽ. ഇതിഹാസ രൂ പിയായ യുവ യോഗി യുടെ അഭൗമമായ തേജസ്സിന്റെമുന്നിൽ പൂർണസമർപ്പണവുമായി യുവാവുമാറി. ഒരു ചരിത്ര നിയോഗം.ആ യുവാവാണ് ഗുരുവിന്റെ പ്രഥമ സന്യാസിശിഷ്യൻ ആയിതീർന്ന “ശിവലിംഗദാസ സ്വാമികൾ” (1867-1919) തൃപ്പാദങ്ങളുടെ ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ഭാഗ്യവാൻ. ശങ്കരൻ കുഴിയുടെ അഗാധതയിൽ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേർത്ത് പിടിച്ചുകൊണ്ടു ഉയർന്നുവന്നപ്പോഴും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവർ അത്ഭുത പെട്ടപ്പോൾ അതിൻ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്സാക്ഷി ആ യുവവായിരുന്നു. അകക്കണ്ണിൽ യോഗിയുടെ ആത്മചൈതന്യം ദർശിച്ച ഉപാസകൻ. ഗുരുവിൽനിന് സന്യാസദീക്ഷ സ്വീകരിച്ച കൊച്ചപ്പിപിള്ളയ്ക്കുഗുരുനൽകിയനാമം.
“ശിവലിംഗദാസൻ.” ശിവലിംഗത്തെ പോലെ ഉറച്ചാൽ പിന്നെ ഇളകാത്തത് എന്ന അർത്ഥത്തിൽ.
യൗവ്വനംവിട്ടുമാറാത്ത യുവാവ് സർവ്വസം പരിത്യാഗിയായ യുവസന്യാസിയായിമാറിയചരിത്ര മുഹൂർത്തം.
ഗുരുവിന്റെ നിഴൽപോലെ നിന്നു കേരളം ഒട്ടാകെ ഗുരുധർമം പ്രചരിപ്പിച്ച മഹാതപസ്വിയും ജ്ഞാനിയുമായിരുന്ന അദ്ദേഹമാണ് പ്രസിദ്ധമായ “ഗുരുഷ്ടകം” എന്ന ഗുരുസ്‌തുതി രചിച്ചത്.
മഹാജ്ഞാനിയും കർമ യോഗിയുമായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ ഈശ്വരീയഭാവം പൂർണമായും വെളിപ്പെടുത്തുന്ന ഉദാത്തമായ ഹൃദയോപാസനയാണ് ഗുരുഷ്ടകം എന്ന കൃതി.സൂര്യ കോടി പ്രഭയോടെ മനസ്സിൽ ജ്വലിച്ചു നിന്ന മഹാഗുരുവിന്റെ ആത്മചൈതന്യം അക്ഷരങ്ങളിലേക്ക്പകർത്തിയ, എക്കാലത്തേയും ഉദാത്തമായ ഗുരു സ്തുതി.

ഓം ബ്രഹ്മണേ മൂർത്തി മതേ
ശ്രിതാനാം ശുദ്ധി ഹേതവേ
നാരായണ യതീന്ദ്രായ
തസ്മൈ ശ്രീ ഗുരവേ നമഃ “

എന്നു തുടങ്ങുന്നു, അമൂല്യമായ സ്തോത്രകൃതി. ആറു ശ്ലോകങ്ങളിലൂടെ ബ്രഹ്മസ്വരൂപനായ ഗുരുവിന്റെ ഈശ്വരീയ ഭാവം നമുക്ക് കാട്ടിത്തന്ന ധന്യാത്മാവ്.സ്വാമികളുടെ ജ്വലിക്കുന്ന സ്‌മൃതിക്കു മുന്നിൽ നമുക്കും പ്രണാമം അർപ്പിക്കാം.

Related Articles

Latest Articles