Sunday, October 4, 2026

ശ്രീരാമകൃഷ്ണാശ്രമം മുൻ പ്രസിഡന്റ് സ്വാമി ലോകഹിതാനന്ദ സമാധിയായി

തിരുവനന്തപുരം: ശ്രീരാമകൃഷ്ണാശ്രമം മുൻ പ്രസിഡന്റ് സ്വാമി ലോകഹിതാനന്ദ (Swami Lokahitananda) സമാധിയായി. പക്ഷാഘാതം ബാധിച്ച് ദീർഘനാളായി രാമകൃഷ്ണാശ്രമത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് 5.40-നാണ് സമാധിയായത്. രാത്രി 9-ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിൽ നിരവധി ആരാധകരുടെ സാന്നിധ്യത്തിൽ സ്വാമിയെ സമാധിയിരുത്തി.

ചെന്നൈയിലെ ഇടത്തരം മലയാളി കുടുംബത്തിൽ 1934-ൽ ജനിച്ച ലോകഹിതാനന്ദയുടെ പൂർവാശ്രമത്തിലെ നാമം വിജയൻ എന്നായിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന്‌ മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ദീർഘകാലം ആതുരസേവനരംഗത്ത് പ്രവർത്തിച്ചു. തമിഴ്‌നാട് സർക്കാർ സർവീസിലും സിങ്കപ്പുർ സർക്കാർ സർവീസിലും ഡോക്ടറായിരുന്ന അദ്ദേഹം, ശ്രീരാമകൃഷ്ണാശ്രമപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് സന്യസ്തജീവിതത്തിലേക്കു മാറുന്നത്.

1965 ഡിസംബറിൽ കൊൽക്കത്ത രാമകൃഷ്ണമഠം ആസ്ഥാനത്ത് എത്തിയ അദ്ദേഹം മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി. രാമകൃഷ്ണാശ്രമത്തിന്റെ കീഴിലുള്ള കൊൽക്കത്ത ആശുപത്രി, റാഞ്ചി ടി.ബി. സാനിറ്റോറിയം എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. 1975-ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. 1988-ൽ തിരുവനന്തപുരം രാമകൃഷ്ണ ആശുപത്രിയുടെ ഡയറക്ടറായി നിയമിതനായി. 1997 മുതൽ ആശ്രമത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. 2010 ഡിസംബർ വരെ ഈ രണ്ടു പദവികളും വഹിച്ചിരുന്നു.

Related Articles

Latest Articles