തിരുവനന്തപുരം: അനധികൃതമായി വിദേശത്തേക്ക് കറൻസി കടത്തിയ സംഭവത്തിലും സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ കസ്റ്റംസ് നീക്കം. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു.
വിദേശനാണയ വിനിമയ ചട്ട പ്രകാരമാകും സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കുക. യു എ ഇ കോൺസുലേറ്റിനെ മറയാക്കി വിവിധ ഇടപാടുകൾക്ക് അവിടുത്തെ ഉദ്യോഗസ്ഥരടക്കം വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി സ്വപ്ന വിദേശത്തെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
അധികാര കേന്ദ്രങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയിൽ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്.

