Sunday, May 19, 2024
spot_img

ഇനിയും പലരുടെയും നെഞ്ചിടിപ്പ് കൂടും: മന്ത്രിമാരുടെ ഉറക്കംകെടുത്തുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്: ഒരു മന്ത്രിയുടെ രണ്ടു മക്കള്‍ അന്വേഷണപരിധിയില്‍

തിരുവനന്തപുരം: ഡോളര്‍ വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയില്‍
ചടുലനീക്കവുമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉള്‍പ്പെടെ പ്രമുഖരുടെ പേരുകള്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പിഎസ് സരിത്തിനെയും ഇഡി ഉടന്‍ ചോദ്യം ചെയ്യും.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതര്‍ യുഎഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളകൗമുദി കഴിഞ്ഞ അഞ്ചിന് പുറത്തുവിട്ടിരുന്നു. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം.

സ്വപ്‌നയുമൊത്ത് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച്‌ ഉന്നതനെടുത്ത ചിത്രങ്ങള്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ വീണ്ടെടുത്തിട്ടുണ്ട്. ദുബായിലെ ഭരണക്രമം പഠിക്കാന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ ചില ഉന്നതരെ സ്വപ്നയും സംഘവും യുഎഇയില്‍ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു. മൂന്നുവര്‍ഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തല്‍.

മന്ത്രിമാരുടെ ഉറക്കംകെടുത്തുന്ന ചില വെളിപ്പെടുത്തലുകളും സ്വപ്ന നടത്തിയിട്ടുണ്ട്. ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മന്ത്രിയുടെ രണ്ടു മക്കള്‍ അന്വേഷണപരിധിയിലാണ്. ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുളള വിവരവും, പൊലീസുമായി ബന്ധപ്പെട്ട വന്‍ ഇടപാടിലും ഈ മന്ത്രി ബന്ധു സംശയമുനയിലുണ്ട്. രണ്ടു പേര്‍ക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവര്‍ക്കായി കളളപ്പണ ഇടപാട് നടത്തിയതും അങ്ങനെ നിരവധി കാര്യങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചര്‍ച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഉണ്ട്.

സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇഡി ഇന്നലെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ അടുത്ത ദിവസം തന്നെ കോടതി പരിഗണിച്ചേക്കും. നിയമസഭാ സ്പീക്കറുടെ ഉള്‍പ്പെടെ പേരുകള്‍ ആരോപണവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച്‌ വിശദ അന്വേഷണത്തിന് ഇഡി തിരുവനന്തപുരത്ത് എത്തുന്നത്.

Related Articles

Latest Articles