ദില്ലി: സ്വിസ് ബാങ്കിലെ രഹസ്യ നിക്ഷേപത്തിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറുന്നതുമായി ബന്ധപ്പെട്ട് 11 ഇന്ത്യക്കാര്‍ക്ക് സ്വിസ് അധികൃതരുടെ നോട്ടിസ്. വിവരങ്ങള്‍ കൈമാറുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ നോട്ടിസ് കൈപ്പറ്റി 30 ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കുന്നതിനാണ് ഇത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിനിസ്‌ട്രേഷന്‍ വിഭാഗമാണ് മെയ് 21നു നോട്ടിസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ ഇത്തരത്തില്‍ 25 ഇന്ത്യക്കാര്‍ക്കു നോട്ടിസ് അയച്ചിട്ടുണ്ട്.
എന്നാല്‍ നോട്ടിസ് ലഭിച്ചവരില്‍ രണ്ടു പേരുടെ ഒഴികെയുള്ള പേരുവിവരങ്ങള്‍ ലഭ്യമല്ല. കൃഷ്ണ ഭഗവാന്‍ രാമചന്ദ് (മേയ് 1949), കല്‍പേഷ് ഹര്‍ഷദ് കിനാരിവാല (സെപ്റ്റംബര്‍ 1972) എന്നിവരുടെ പേരുകളാണുള്ളത്. മറ്റുള്ളവരുടെ പേരിന്റെ അദ്യക്ഷരവും ജനനതീയതിയും മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
എഎസ്ബികെ (നവംബര്‍ 24, 1944), എബികെഐ (ജുലൈ 9, 1944), പിഎഎസ്(നവംബര്‍ 2, 1983), ആര്‍എഎസ് (നവംബര്‍ 22,1973), എപിഎസ് (നവംബര്‍ 27, 1944), എഡിഎസ് (ഓഗസ്റ്റ് 14, 1949), എംഎല്‍എ (മേയ് 20, 1935), എന്‍എംഎ (ഫെബ്രുവരി 21, 1968), എംഎംഎ (ജൂണ്‍ 27, 1973). എന്നിങ്ങനെയാണ് പേരുകള്‍. ഇവരില്‍ പലരും അനധികൃത വിദേശനിക്ഷേപം സംബന്ധിച്ച പാനമ രേഖകളിലെ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് വിവരം.
നിക്ഷേപകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന പതിവുള്ള സ്വിസ് ബാങ്ക്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ തയാറായിരുന്നു. കള്ളപ്പണ ഇടപാടുകളെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്.

