Thursday, January 1, 2026

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസ്; പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്, ഷാജ് കിരണിന്റെ രഹസ്യമൊഴി ഉടനെടുക്കും

കൊച്ചി; സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.

കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരൺ, സുഹൃത്ത് ഇബ്രായി എന്നിവരെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഇത്തരത്തിലെ നീക്കം. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഷാജിന്റെ മൊഴിയെടുക്കും. ഷാജിന്റെ സുഹൃത്ത് ഇബ്രായിയുടെ രഹസ്യ മൊഴി ഇന്നലെയായിരുന്നു പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയത്.

സിപിഎം നേതാവ് സി.പി പ്രമോദിന്റെ പരാതിയിൽ സ്വപ്നയ്‌ക്കെതിരെ പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ കേസുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രഹസ്യമൊഴിയെടുക്കുന്നത്. മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസും കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ദൂതനായെത്തി ഷാജും സുഹൃത്തും ചേർന്ന് മൊഴി മാറ്റാൻ തന്നെ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു സ്വപ്ന വെളിപ്പെടുത്തിയത്. എന്നാൽ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന വാദത്തിൽ ഇരുവരും ഉറച്ചുനിന്നു. ഈ വാദങ്ങൾ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയായി രേഖപ്പെടുത്തിരുന്നു. തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി എടുക്കുന്നത്.

Related Articles

Latest Articles