Sunday, May 19, 2024
spot_img

ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; ചോള രാജ്യത്തെ സുവർണ്ണ കാലത്തിന്റെ ശില്പി സാക്ഷാൽ പൊന്നിയിൻ സെൽവൻ ആയി ജയം രവി

ചലച്ചിത്ര ആരാധകർ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിൽ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറക്കാർ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വിടാൻ തുടങ്ങിയിരിക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായി, തൃഷ എന്നിവരുടെ പോസ്റ്ററുകൾ ഇതിനോടകം അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ആദിത്യ കരികാലൻ എന്ന ചോള രാജകുമാരനെയാണ് വിക്രം അവതരിപ്പിക്കുന്നത്. വന്തിയാദേവൻ ആയാണ് കാർത്തി എത്തുക. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ എത്തുന്നത്.

ഇപ്പോഴിതാ മറ്റൊരു കഥാപാത്രത്തിന്റെ പോസ്റ്റർ കൂടി പുറത്ത് വിടുകയാണ് അണിയറക്കാർ. ചോള രാജ്യത്തെ സുവർണ്ണ കാലത്തിന്റെ ശില്പി സാക്ഷാൽ പൊന്നിയിൻ സെൽവൻ ആയെത്തുന്ന ജയം രവിയുടെ ക്യാരക്ടർ പോസ്റ്ററാണ് ലൈക പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി പുറത്ത് വിട്ടിരിക്കുന്നത്.

അരുണ്‍മൊഴി വര്‍മ്മന്‍ എന്ന രാജരാജ ചോളന്‍ ഒന്നാമനാണ് ചിത്രത്തില്‍ ജയം രവിയുടെ കഥാപാത്രം. സെപ്റ്റംബർ 30ന് പ്രേക്ഷകർക്ക് മുൻപിലെത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്. രണ്ട് ഭാഗങ്ങൾ ആയാണ് ചിത്രം പുറത്തിറങ്ങുക.

ചിത്രത്തിന്റെ സ്ട്രീമിംഗ്അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. രണ്ടു ഭാഗങ്ങളുടെയും സ്ട്രീമിങ്ങ് അവകാശം 125 കോടിക്കാണ് ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും വലിയ തുക ഒരു ഒരു തമിഴ് സിനിമയുടെ ഡിജിറ്റൽ അവകാശത്തിനു ലഭിക്കുന്നത് ഇത് ആദ്യമായാണ്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇത്രയും സമ്പന്നമായ താരനിര ഈയടുത്ത കാലത്ത് അണിനിരന്നിട്ടില്ല. അത് തന്നെയാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന് കാരണവും. മണിരത്നം സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന പ്രതീക്ഷയും ആവേശത്തിന്റെ ആക്കം കൂട്ടുന്നു.

Related Articles

Latest Articles