Sunday, May 19, 2024
spot_img

മരുഭൂമിയിൽ “ബാലൻസ് തെറ്റി” സിദ്ദിഖ്: മദ്യപിച്ചെന്ന് സോഷ്യൽ മീഡിയ; അപമാനിക്കുന്നവർക്കെതിരെ കേസ് കൊടുക്കുമെന്ന് സിദ്ദിഖ്

തിരുവനന്തപുരം: കോഴിക്കോട് ഡി സി സി പ്രസിഡ‍ന്‍റും ഉമ്മന്‍ചാണ്ടി പക്ഷക്കാരനുമായ ടി സിദ്ദിഖിന്‍റെ കാലുനിലത്തുറക്കാത്ത നടത്തത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗള്‍ഫിലെ മരുഭൂമിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മണലാരണ്യത്തില്‍ ഒരു പായയില്‍ കുറേ പേരോടൊപ്പം ഇരിക്കുന്ന ടി സിദ്ദിഖിനെ വീഡിയോയില്‍ കാണാം. സിദ്ദിഖിന് അരികിലായി മിനറല്‍വാട്ടര്‍ കുപ്പികളും പെപ്സിയും ഉണ്ട്. ഹായ് പറയാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നതും പ്രയാസപ്പെട്ട് എഴുന്നേറ്റ് ഒടുവില്‍ സിദ്ദിഖ് ഹായ് പറയുന്നതുമാണ് വീഡിയോയിലുള്ളത്.

ടി സിദ്ദിഖും ഭാര്യയും മക്കളും ചേര്‍ന്ന് മരുഭൂമിയിലൂടെ ഓടുന്നതും മറ്റൊരു വീഡിയോയായി പ്രചരിക്കുന്നുണ്ട്. സിപിഎം അനുകൂല ഗ്രൂപ്പുകളും അനുഭാവികളുമാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആടി വാ കാക്കാ …പാടി വാ കാക്കാ … കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് അങ്ങ് ദുഫായീല്‍…എന്ന അടിക്കുറിപ്പോടെയാണ് സി പി എം ഗ്രൂപ്പുകളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.

സിദ്ദിഖ് കാല്‍നിലത്തുറക്കാത്ത രീതിയില്‍ നടക്കുന്നത് കണ്ട് അത് മദ്യപിച്ചാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങളും കമന്‍റുകളില്‍ നിറയെ ഉണ്ട്. കോണ്‍ഗ്രസ് നേതാവിന്‍റെ ഈ വീഡിയോ സി പി എം ഗ്രൂപ്പുകള്‍ ആഘോഷിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്ന രീതിയിലാണോയെന്ന പരാമര്‍ശവും കമന്‍റുകളിലുണ്ട്. അതേസമയം ഈ വീഡിയോയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണെന്ന വിശദീകരണവുമായി കെ എം സി സി രംഗത്തെത്തിയിട്ടുണ്ട്.

നിലത്ത് കാലുറക്കാത്ത രീതിയിലുള്ള വീഡിയോ മദ്യപിച്ചെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവരോട് തനിക്ക് സഹതാപമേയുള്ളൂവെന്നാണ് ടി സിദ്ദിഖ് പറയുന്നത്.ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് സിദ്ദിഖ് രംഗത്തുണ്ട്. ദുബായിൽ KMCC ഉൾപ്പടെയുള്ള സംഘടനകളുടെ തിരക്കിട്ട പരിപാടികൾക്ക് ശേഷം മൂന്ന് വാഹനങ്ങളിലായി കുടുംബസമേതം സുഹൃത്തുക്കള്‍ക്കൊപ്പം മരുഭൂമി കാണാൻ പോയതായിരുന്നു താനെന്ന് സിദ്ദിഖ് വീഡിയോയില്‍ പറയുന്നു.

തന്‍റെ കുട്ടികൾ കൂടെ ഉണ്ടായിരുന്നപ്പോൾ അവരോടൊപ്പം മണലാരണ്യത്തിൽ കുറച്ച് നേരം ഓടി നടന്നു. പൂഴിയിലുടെ ഓടുകയോ വേഗത്തിൽ നടക്കുകയോ ചെയ്താൽ നമ്മുക്ക് നിലത്ത് കാല് ചവിട്ടാൻ കുറച്ച് നേരം ബുദ്ധിമുട്ട് ഉണ്ടാകുമെന്നുള്ളത് അവിടെ പോയവർക്ക് അറിയാവുന്ന സംഗതിയാണെന്നും സിദ്ദിഖ് വീഡിയോയില്‍ പറയുന്നു.ഇത്തരത്തിലുള്ള ഒരു വീഡിയോ ഭാര്യ പോസ്റ്റിയപ്പോൾ സ്വാഭാവികമായും വന്ന ഒരു ട്രോൾ കമന്‍റ് സീരിയസ്സായി എടുത്തു ഒട്ടിച്ചു നടക്കുന്ന കമ്മികളോടു പുച്ഛം മാത്രമെന്നും സിദ്ദിഖ് വീഡിയോയില്‍ പറയുന്നുണ്ട്.

ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മദ്യപിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ടി സിദ്ദിഖ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തെളിയിക്കാന്‍ സി പി എം ഗ്രൂപ്പുകളെ വെല്ലുവിളിച്ച സിദ്ദിഖ് മരുഭൂമിയില്‍ മദ്യപിച്ചുള്ള യാത്ര എന്ന പേരില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. ഇതോടെ ആപ്പിലായിരിക്കുന്നത് സി പി എം അനുകൂല ഗ്രൂപ്പുകളാണ്.

വ്യാജ സൈബര്‍ പ്രചാരണങ്ങളിലൂടെ നിരവധി ആക്ഷേപങ്ങള്‍ നേരിടുന്ന സി പി എം ഗ്രൂപ്പുകള്‍ക്ക് ഇതൊന്നും പുത്തരിയല്ലെന്നാണ് സോഷ്യല്‍മീഡിയയിലെ പൊതുവികാരം. അതേസമയം മുപ്പതിനായിരത്തോളം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. അനവധി ഷെയറുകളും പോയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എം എല്‍ എയുമായ എല്‍ദോസ് കുന്നപ്പള്ളി നാടന്‍പാട്ടിന്‍റെ ഈണത്തില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു നിയമസഭാ സാമാജികന്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊക്കെ കാറ്റില്‍പറത്തിയായിരുന്നു ഈ കോണ്‍ഗ്രസ് എം എല്‍ എയുടെ പ്രവൃത്തിയെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു.

എല്‍ദോസ് കുന്നപ്പള്ളി മദ്യപിച്ചാണ് ഡാന്‍സ് കളിച്ചതെന്ന ആക്ഷേപവുമായി സി പി എം ഗ്രൂപ്പുകള്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. തത്വമയി ടിവി നേരത്തെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍ദോസ് കുന്നപ്പള്ളിയുടെ ഡാന്‍സ് വീഡിയോയ്ക്ക് പിന്നാലെ സിദ്ധിഖ് മണലാരണ്യത്തില്‍ കാലുറക്കാതെ നടക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

Related Articles

Latest Articles