Tuesday, May 14, 2024
spot_img

സ്ത്രീവിരുദ്ധ ഉത്തരവുമായി വീണ്ടും താലിബാൻ :’ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല’; സ്ത്രീകളെ എൻ‌ജി‌ഒകളിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവ്

കാബൂൾ: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻ‌ജി‌ഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്ലാമിക രീതിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കുന്നില്ല. അതുകൊണ്ടാണ് എൻ‌ജി‌ഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾറഹ്മാൻ ഹബീബ് വ്യക്തമാക്കി.

സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിൽനിന്നും വിലക്കിയത്. താലിബാൻ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധമുയർന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾക്ക് ഈ തീരുമാനങ്ങൾ കാരണം തിരിച്ചടിയാകും. താലിബാന്റെ പുതിയ തീരുമാനം മനുഷ്യാവകാശ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ട്വിറ്ററിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മാനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സ്ത്രീകളാണ് പ്രധാന പങ്കുവഹിക്കുന്നതെന്നും ഈ തീരുമാനം അഫ്​ഗാൻ ജനതക്ക് വിനാശകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles