കാബൂൾ: അഫ്ഗാൻ വനിതാ ദേശീയ ടീമിന്റെ ജൂനിയർ വനിതാ വോളിബോൾ താരത്തെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി താലിബാൻ ഭീകരർ. പരിശീലകൻ സുരയ്യ അഫ്സലിയാണ് ടീമിലെ വനിതാ താരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയത്. മഹജബിൻ ഹക്കിമി എന്ന താരത്തിനെ ഒക്ടോബർ ആദ്യവാരമാണ് കൊലപ്പെടുത്തിയത്. തലവെട്ടി മാറ്റിയ നിലയിലുള്ള ഹക്കിമിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ തീവ്രവാദികൾ ഭീഷണിപ്പെടുത്തി. ഹക്കിമിന്റെ ദുർഗതിയറിഞ്ഞ സഹതാരങ്ങളെല്ലാം ഇപ്പോൾ ഒളിവിലാണ്. മുൻ അഫ്ഗാൻ സർക്കാരിന്റെ തകർച്ചയ്ക്ക് മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിനുവേണ്ടിയും ഹക്കിമി കളിച്ചിരുന്നു. ഓഗസ്റ്റിൽ താലിബാൻ രാജ്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ ഇവരിൽ രണ്ട് കളിക്കാർ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഭരണം ഏറ്റെടുത്തതോടെ താലിബാൻ വനിതാ കായികതാരങ്ങളെ തിരിച്ചറിയാനും വേട്ടയാടാനും ആരംഭിച്ചു. 1978ലാണ് അഫ്ഗാൻ ദേശീയ വനിതാ വോളിബോൾ ടീം രൂപീകരിച്ചത്.

