കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സുരക്ഷ സംബന്ധിച്ച് ദില്ലിയില്‍ നടന്ന ചര്‍ച്ചയെ സ്വാഗതം ചെയ്ത് താലിബാന്‍. അഫ്ഗാന്‍ മണ്ണ് മറ്റൊരു രാജ്യത്തിനും എതിരെ ഉപയോഗിക്കപ്പെടുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും താലിബാന്‍ നേതൃത്വം വ്യക്തമാക്കി.
‘ഇന്ത്യയില്‍ നടന്ന മേഖലാ സുരക്ഷാ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നു. ഭരണത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമത്തിലാണു ഞങ്ങള്‍’- വിദേശകാര്യ മന്ത്രാലയ ഉപ വക്താവ് ഇനാമുല്ല സമാന്‍ഗനി പറഞ്ഞു.
ദില്ലിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തത് എട്ട് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിൽ തലവന്മാരാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റഷ്യ, ഇറാന്‍, തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസഖ്സ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു. എന്നാൽ പാക്കിസ്ഥാനും ചൈനയും വിട്ടുനിന്നു.
അതേസമയം അഫ്ഗാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ അംഗീകരിക്കാത്തതിനാല്‍ അവരുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. അടുത്ത യോഗം 2022ല്‍ നടക്കും.
അഫ്ഗാനില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകണമെന്ന് മേഖലാ സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള സുസ്ഥിര ഭരണകൂടം ഉണ്ടാകുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

