Wednesday, December 31, 2025

തമിഴ് നടന്‍ ഹരീഷ് കല്യാണ്‍ വിവാഹിതനായി; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് തമിഴ് സിനിമാലോകത്ത് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി. സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേര്‍ക്കാട് ജി.പി.എന്‍ പാലസില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തു.

നടന്‍ ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത്. വിവാഹചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവാഹിതനാകാന്‍ പോവുന്ന വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. നര്‍മദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

ദസറ നാളില്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഹരീഷ് കല്യാണ്‍ നര്‍മദയെ പരിചയപ്പെടുത്തിയത്. തന്റെ ഭാവി വധു എന്നായിരുന്നു നടന്‍ കുറിച്ചത്. തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്ക് ഹരീഷ് നന്ദിയും പറഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഹരീഷ് കല്യാണ്‍ ഇത് നിഷേധിച്ചിരുന്നു. ഇരുവരുടേയും വീട്ടുകാര്‍ ആലോചിച്ച്‌ ഉറപ്പിച്ച വിവാഹമാണിതെന്നാണ് ഹരീഷ് പറഞ്ഞത്.

2010ല്‍ സിനിമയില്‍ എത്തിയ ഹരീഷ് ബിഗ് ബോസ് തമിഴില്‍ മത്സരാര്‍ത്ഥിയായതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്യാര്‍ പ്രേം കാഥല്‍, ധാരാള പ്രഭു, ഓ മനപ്പെണ്ണെ എന്നീ സിനിമകളില്‍ അഭിനയിച്ചു. വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. സന്ദീപ് ശ്യാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെന്‍സ് ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Related Articles

Latest Articles