ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രധാനമുഖമായ ഹാസ്യനടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഏറെ നാളായി കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയായിരുന്നു.
ഒരു മിമിക്രി കലാകാരനായി കലാരംഗത്തേക്ക് കടന്നുവന്ന റോബോ ശങ്കർ പിന്നീട് ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് പ്രശസ്തി നേടിയത്. ‘കലക്കപ്പോവത് യാര്?’, ‘അതു ഇതു യെതു’ തുടങ്ങിയ ടെലിവിഷൻ പരിപാടികൾ അദ്ദേഹത്തെ തമിഴ്‌നാട്ടിലെ വീടുകളിൽ പ്രിയങ്കരനാക്കി. ഒരു റോബോട്ടിനെ അനുകരിച്ച് തമാശകൾ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹത്തിന് ‘റോബോ’ എന്ന പേര് ലഭിച്ചത്.വിജയ് സേതുപതി നായകനായ ‘ഇതർക്കുത്താനേ ആസൈപ്പെട്ടായ് ബാലകുമാരാ’ എന്ന ചിത്രത്തിലൂടെയാണ് റോബോ ശങ്കർ സിനിമയിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് ധനുഷ് നായകനായ ‘മാരി’, ‘മാരി 2’, അജിത്ത് ചിത്രം ‘വിശ്വാസം’, വിജയുടെ ‘പുലി’, സൂര്യയുടെ ‘സി 3’, വിക്രം ചിത്രം ‘കോബ്ര’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അദ്ദേഹത്തിൻ്റെ ഹാസ്യവും ശരീരഭാഷയും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. സിനിമയിൽ മാത്രമല്ല, ‘ദി ലയൺ കിംഗ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന് ശബ്ദം നൽകുകയും ‘കണ്ണി മാടം’ എന്ന ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്.നടൻ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ റോബോ ശങ്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാര്യ പ്രിയങ്കയും മകൾ ഇന്ദ്രജയും ഉൾപ്പെടുന്ന കുടുംബാംഗങ്ങളോടൊപ്പം ആരാധകരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി. ചെന്നൈയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇന്ന് വൈകിട്ട് അന്ത്യകർമങ്ങൾ നടക്കും.

