ചെന്നൈ:മുന്നാക്ക സംവരണം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രൂക്ഷപ്രതികരണമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തിയത്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സുപ്രിം കോടതി വിധിയെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി വിധി സമഗ്രമായി വിശകലനം ചെയ്ത ശേഷം, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇ.ഡബ്ല്യു.എസ് സംവരണത്തിനെതിരായ സമരം തുടരുന്നതിനുള്ള അടുത്ത നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു.
സാമൂഹിക നീതി സംരക്ഷിക്കാനും രാജ്യത്തുടനീളം അതിന്റെ ശബ്ദം കേൾക്കുന്നുവെന്ന് ഉറപ്പാക്കാനും തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സമാന ചിന്താഗതിക്കാരും ഒരുമിച്ചുനിൽക്കണം
സുപ്രിം കോടതി വിധി എല്ലാ ജാതികളിലെയും ദരിദ്രർക്കുള്ളതല്ല. ഇത് സവർണ വിഭാഗത്തിലെ പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെയെങ്കിൽ, സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിധിയായി ഇതിനെ എങ്ങനെ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം ചോദിച്ചു.

