Wednesday, January 7, 2026

പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ പദ്ധതി; ബസ്സില്‍ സ്ത്രീകളെ തുറിച്ചുനോക്കിയാല്‍ കേസ്; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട്

ചെന്നൈ: ബസ് ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍
പദ്ധതിയിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം. മാത്രമല്ല തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമായ പ്രവൃത്തികളാണ്. യാത്രകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രഖ്യാപിച്ചിട്ടുള്ളത്. 1989ലെ നിയമമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുതുക്കിയിരിക്കുന്നത്.

സ്ത്രീകളായ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തില്‍ വിശദീകരിക്കുന്നു. ബസ്സിനുള്ളില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ പൊലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളില്‍ കണ്ടക്ടര്‍മാര്‍ പരാതി പുസ്തകം സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാല്‍ ഇത് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കണമെന്നും പുതിയ നിയമത്തിൽ പരാമർശിക്കുന്നു.

കൂടാതെ സ്ത്രീകൾക്കെതിരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു പുരുഷ യാത്രക്കാരനെയും സീറ്റിൽ നിന്ന് എഴുന്നേല്‍പ്പിച്ച് പുറത്താക്കേണ്ട ബാധ്യത കണ്ടക്ടർക്കുണ്ട്. സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പൊലീസിന് കൈമാറണം. സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് ആദ്യം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം കണ്ടക്ട്ടർക്കാണ്.

സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ബസ് നിർത്തി പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിയമഭേതഗതിയില്‍ വ്യക്തമാക്കുന്നു. ബസ് കണ്ടക്ടർ മോശമായി പെരുമാറിയാലും ബസ് ജീവനക്കാരുടെ ഇടപെടൽ ശരിയല്ലെന്ന് ബോധ്യപ്പെട്ടാലും യാത്രക്കാര്‍ക്ക് പരാതി പുസ്തകത്തില്‍ രേഖപ്പെടുത്താം. കൃത്യമായ ഇടവേളകളില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തണമെന്നും പുതിയ നിയമഭേതഗതിയില്‍ സൂചിപ്പിക്കുന്നു.

Related Articles

Latest Articles