Monday, May 20, 2024
spot_img

ജാഗ്രത! കോവിഡ് മുക്തരായവരില്‍ ക്ഷയരോഗം; മാര്‍ഗനിര്‍ദേശമൊരുക്കി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: കോവിഡ് വ്യാപനം ലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. കോവിഡ് വന്നവരിൽ പലതരത്തിലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതകളെ കുറിച്ചും മുൻപ് വാർത്തകൾ വന്നിരുന്നു. ഇതുപോലെ തന്നെ ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കൊവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കേരളത്തിലും ഇത്തരത്തില്‍ കോവിഡ് മുക്തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം കണ്ടെത്തി. തുടര്‍ന്ന് സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

അതേസമയം കൊവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവുമാണ് ക്ഷയരോഗത്തിലേക്ക് നയിക്കുന്നത്. പോസ്റ്റ് കൊവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിലെ കാലതാമസം വരാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മാത്രമല്ല കൊവിഡ് മുക്തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെന്നു കണ്ടാല്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിരബന്ധമാണ്. ആയതിനാൽ എല്ലാ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലും ടി ബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും ഇതിനായി അവബോധം നല്‍കുന്നതാണ്. രോഗലക്ഷണങ്ങളായി പറയുന്നത്, രണ്ട് ആഴ്ചയില്‍ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ആണ്. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും മറ്റ് പരിശോധകള്‍ നടത്തുകയും ചെയ്യും.

Related Articles

Latest Articles