Saturday, May 18, 2024
spot_img

വിദ്യാധനം സര്‍വ്വധനാല്‍ പ്രദാനം; ഇന്ന് ദേശിയ അധ്യാപക ദിനം

തസ്‌മൈ ശ്രീ ഗുരുവേ നമഃ. അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം.അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ ആദരിക്കാനുള്ള ദിനം. ഇന്ന് ദേശീയ അധ്യാപക ദിനം. ഏത് സത്പ്രവര്‍ത്തികള്‍ തുടങ്ങുമ്പോഴും നാം ഗുരുവിനെ സ്മരിക്കണം. ഒരു നല്ല അധ്യാപകന്‍ മെഴുകുതിരി പോലെയാണ്. അറിവിന്‍റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം.

അധ്യാപകര്‍ക്ക് വിശേഷപ്പെട്ട സ്ഥാനമാണ് നമ്മുടെ സംസ്‌ക്കാരത്തിലുളളത്.ലോകത്ത് വിവിധരാജ്യങ്ങളില്‍ വ്യത്യസ്തദിനങ്ങളിലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ലോക അധ്യാപകദിനം ഒക്ടോബര്‍അഞ്ചിനാണ് ആചരിക്കുന്നത്.വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ലോകത്തിന്‍റെ ഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടും രണ്ടാമത്തെ പ്രസിഡണ്ടുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്‍റെറെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്‍റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്‍റെ ഓര്‍മക്കായാണ് അധ്യാപകര്‍ക്കായി ഒരുദിനമുണ്ടായത്.അധ്യാപനവ്യത്തിയുടെ നൂതന മാതൃക പുതിയ തലമുറക്ക് പകരുന്നതില്‍ അതീവ താത്പര്യം കാണിച്ച വ്യക്തിത്വം കൂടിയായിരുന്നു സര്‍വേപ്പള്ളി രാധാകൃഷ്ണന്‍. പ്രശസ്തമായ ബനാറസ് ഹിന്ദുയൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1888 സെപ്തംബര്‍ അഞ്ചിന് ആന്ധ്രയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ മികവുറ്റ വിദ്യാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡു നല്‍കുന്നു എന്നതും ഈദിനത്തിന്‍റെ പ്രത്യേകതയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥിസമൂഹത്തിന് മാതൃകയും വഴികാട്ടികളും ആകണം എന്ന സന്ദേശം കൂടിയാണ് അധ്യാപകം ദിനം ഓര്‍മ്മിപ്പിക്കുന്നതും പങ്കു വെക്കുന്നതും. പഴയ അധ്യാപകരെ ജീവിത വഴിയില്‍ കണ്ടുമുട്ടുകയാണെങ്കില്‍ അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതായിരിക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. നന്മയുടെ അറിവിന്‍റെ അക്ഷരവെളിച്ചം വീശുന്ന ഗുരുനാഥനെ നാം ഈ ദിനത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം സ്മരിക്കണം. അറിവിന്‍റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും തത്വമയി ന്യൂസിന്‍റെ അധ്യാപകദിനാശംസകള്‍.

Related Articles

Latest Articles