പാലക്കാട‌്: മോഷണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ ബി സുജാത രാജിവെച്ചു. നഗരസഭ സെക്രട്ടറിക്ക് രജിസ്ട്രേഡ് ആയാണ് രാജി കത്ത് അയച്ചത്. നേരത്തെ സി.പി.എം ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സി.പി.എം കൗണ്‍സിലറായ വത്സലയുടെ ബാഗില്‍ നിന്നും നഗരസഭയില്‍ വച്ച് 38000 രൂപ മോഷ്ടിച്ചുവെന്നാണ് കേസ്. കൗണ്‍സിലറായ വത്സല തന്നെയാണ് മോഷണം നടന്നതായി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണത്തില്‍ സുജാതയാണ് പണം എടുത്തതെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന സുജാതക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നെങ്കിലും ചര്‍ച്ചക്ക് എടുക്കും മുന്‍പ് രാജിവെച്ചു.സുജാതയെ സി.പി.എം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണുമെതിരെ ഇന്നലെ അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ഭരണം സുഗമമായി കൊണ്ടുപോകാന്‍ സുജാത രാജിവെക്കണമെന്ന സി.പി.എം തീരുമാനത്തെ തുടര്‍ന്നാണ് സുജാത കൗണ്‍സിലര്‍ സ്ഥാനംകൂടി രാജിവെച്ചത്. സി.പി.എം15 പേരുടെ പിന്തുണയിലാണ് ഒറ്റപ്പാലത്ത് സിപിഎം ഭരണം. യുഡിഎഫ് – സ്വന്തത്രമുന്നണി സഖ്യത്തില്‍ 14 പേരുണ്ട്. ബിജെപിക്ക് 7 അംഗങ്ങളും നഗരസഭയിലുണ്ട്. കഴിഞ്ഞ ദിവസത്തെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് സുജാതയുടെ രാജിക്ക് സിപിഎമ്മില്‍ സമ്മര്‍ദ്ദമേറിയത്.

