Saturday, May 18, 2024
spot_img

രൂപകൽപനയിൽ പിഴവുള്ളതിനാൽ അഗുവാനി-സുല്‍ത്താന്‍ഗഞ്ജ് പാലം തകർത്തതാണെന്ന് തേജസ്വി യാദവ്‌; ഇന്നലെ ഗംഗയിൽ പതിച്ചത് 1,710 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം

പാറ്റ്‌ന : ബിഹാറിലെ ഭഗല്‍പുരില്‍ ഗംഗാ നദിയ്ക്ക് കുറുകെ നിര്‍മാണത്തിലിരുന്ന അഗുവാനി-സുല്‍ത്താന്‍ഗഞ്ജ് പാലം ഇന്നലെ തകര്‍ന്ന് നദിയിൽ പതിച്ച സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്ത് വന്നു. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതരപിഴവുകള്‍ വിദഗ്ധര്‍ കണ്ടെത്തിയതിനാൽ പാലം തകര്‍ക്കുകയായിരുന്നെന്ന് തേജസ്വി യാദവ് പറഞ്ഞു.

പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയതായും അവര്‍ നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകര്‍ത്തിരുന്നതായും തേജസ്വി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണിരുന്നു.

1,710 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചിലവ്. സംഭവത്തിൽ പ്രതിപക്ഷമായ ബിജെപി ബിഹാർ സർക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Related Articles

Latest Articles