ഏഷ്യാകപ്പില്‍ കാഴ്ച വച്ച മികച്ച പ്രകടനത്തെ തുടർന്ന് ഐ.സി.സി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ശ്രീലങ്കയെ തരിപ്പണമാക്കിയ ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗില്‍ തലപ്പത്തെത്തിച്ചത്. ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
കരിയറില്‍ ഇത് രണ്ടാം തവണയാണ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു. ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് 678 പോയന്റുമായി രണ്ടാമതാണ്. ട്രെന്‍ഡ് ബോള്‍ട്ട് ആണ് മൂന്നാം സ്ഥാനത്തുള്ളത്.

