Saturday, May 18, 2024
spot_img

‘അതീവ ജാഗ്രത പുലര്‍ത്തുക’; കാനഡയിലെ ഇന്ത്യാക്കാർക്കും വിദ്യാർത്ഥികൾക്കും കേന്ദ്രസ‍ര്‍ക്കാരിന്റെ മുന്നറിയിപ്പ് !

ദില്ലി: ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യാ വിരുദ്ധ അജൻഡയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്ന് മാർ​ഗനിർദേശത്തിൽ പറയുന്നു.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. കൂടാതെ, കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. കൂടാതെ, കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. madad.gov.in. എന്ന വെബ്സൈറ്റ് വഴിയും റജിസ്റ്റർ ചെയ്യാമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. കൂടാതെ, യുകെയിലെയും കാനഡയിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ കേസെടുത്തിരുന്നു. ഹർദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഈ കേസിൽ തെളിവ് ശേഖരിക്കുന്നതിന് കാനഡയിലേക്ക് പോകാനിരുന്ന എൻഐഎ യാത്രയും നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

Related Articles

Latest Articles