Saturday, April 20, 2024
spot_img

കുടുംബകലഹം തീർക്കുന്ന മഹാദേവൻ,കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി; അപൂർവ്വം ഈ ക്ഷേത്രം!!!

കേരളത്തിന്‍റെ ചരിത്രത്തിൽ സുവർണ്ണ സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രങ്ങൾ ധാരാളമുണ്ട്. കാലത്തെ തന്നെ മാറ്റി മറിച്ച നടപടികൾ കൊണ്ടും സമൂഹത്തെ പരിഷ്കരിച്ച പുതിയ നിയമങ്ങൾ കൊണ്ടും ഒക്കെ നാടിനെ മുന്നോട്ട് നടത്തിയ ക്ഷേത്രങ്ങൾ ഇന്നു തരിത്ര പുസ്തകങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. അത്തരത്തിൽ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം. ചരിത്രം മാത്രമല്ല, ഐതിഹ്യങ്ങളും ധാരാളമുള്ള ചേന്ദമംഗലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ…
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം. 108 ശിവാലയങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും അല്ല, പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണെന്നും വാദങ്ങളുണ്ട്.
ക്ഷേത്രത്തിൻറെ ചരിത്രം അനുസരിച്ച് രണ്ടായിരത്തിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കുന്നത്. സ്വയംഭൂ ലിംഗമാണ് ഇവിടെയുള്ളത് എന്നും അല്ല, പരശുരാമൻ നടത്തിയ പ്രതിഷ്ഠയാണ് ഇവിടുത്തേത് എന്നും വാദങ്ങളുണ്ട്.


ഒരു മഹാക്ഷേത്രത്തിനു വേണ്ടുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കേരള ദ്രാവിഡ ശൈലിയിലാണ് നിർമ്മാണം. കിഴക്കാണ് ദർശനം. പെരിയാറിന്റെ തീരത്തായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിൻരെ കവാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആലിന്റെ ചുവട്ടിൽ മൂന്നു ഗണപതി വിഗ്രഹങ്ങൾ കാണാൻ സാധിക്കും. ക്ഷേത്രത്തിലെത്തുന്നവർ ആദ്യം ഇവിടെ എത്തി ഗണപതിയെ തൊഴുത് അനുമതി വാങ്ങിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത വിധത്തിൽ ഇതിനടുത്തായി നാഗരാജ പ്രതിഷ്ഠ കാണുവാൻ സാധിക്കും.
അതിഗംഭീരമായ ഒരു മഹാക്ഷേത്രത്തിന്റെ എല്ല ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ക്ഷേത്രമാണിത്. ആറേക്കർ വരുന്ന മതിൽക്കകമാണ് ക്ഷേത്രത്തിനുള്ളത്. ആറ് ഉപദേവതാ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ദുർഗ്ഗാഭഗവതിയും ശിവന്റെ വ്യത്യസ്ത ഭാവങ്ങളായ അഘോരമൂർത്തിയും ദക്ഷിണാമൂർത്തിയുമാണ് തെക്കുഭാഗത്ത ശ്രീകോവിലുകളിലുള്ളത്.വടക്കുഭാഗത്തെ ശ്രീകോവിലുകളിൽ മഹാവിഷ്ണുവും ബ്രഹ്മാവും ശിവഭൂതഗണങ്ങളിൽ പ്രധാനിയായ ഭൃംഗീരടിയുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തിൻരെ തെക്കു പടിഞ്ഞാറേ മൂലയിൽ കുടിയിരുത്തിയിരിക്കുന്ന യക്ഷിയ്ക്ക് പ്രത്യേകതകൾ ധാരാളമുണ്ട്. മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത വിധത്തിൽ വാൽക്കണ്ണാടി രൂപത്തിലാണ് യക്ഷിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിലേക്ക് വള്ളിപ്പടർപ്പ് പടർന്നിരിക്കുന്നതും കാണാം. ഇതിനു തൊട്ടടുത്തായി നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും സാന്നിധ്യമുണ്ട്.


സാധാരണ ക്ഷേത്രങ്ങളിൽ അധികം കാണാത്ത രൂപത്തിൽ രണ്ടു തട്ടുകളായുള്ളതാണ് ഇവിടുത്തെ ശ്രീകോവിൽ. ഗർഭഗൃഹമാകട്ടെ, മൂന്നു മുറികൾക്കുള്ളിലായാണ് നിർമ്മിച്ചിരിക്കുന്നത്. നാലടി പൊക്കമുള്ള സ്വയംഭൂ ലിംഗമാണ് ഇവിടെയുള്ളത്. കൂടാതെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അർധനാരീ സങ്കൽപ്പത്തിലാണ്. ചെമ്പു താഴികക്കുടവും ഓടിട്ടിരിക്കുന്ന ശ്രീകോവിലുമാണുള്ളത്. കൂടാതെ അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിലാണ് കാണാൻ സാധിക്കുക.
ഭദ്രകാളിയായി ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് കൊടുങ്ങല്ലൂരമ്മയെയാണ്. നാലമ്പലത്തെ തിടപ്പള്ളിയോട് ചേർന്നാണ് ഈ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. കൂടാതെ ഇതിനടുത്തായി ദമ്പതീ ശാസ്താവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പൂർണ, പുഷ്കല എന്നീ രണ്ട് പത്നിമാർക്കൊപ്പമുള്ള ശാസ്താവിനെയാണ് ദമ്പതീശാസ്താവ് എന്ന് പറയുന്നത്. പക്ഷേ, ഇവിടെ ഇതിന്റെ വിഗ്രഹം കാണാൻ സാധിക്കില്ല. പകരം ശിവലിംഗത്തിന് തുല്യമായ മൂന്നു രൂപങ്ങളാണ് ഇവിടെയുള്ളത്.
ഈ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി ശിവപ്രതിഷ്ഠ തന്നെ നടത്തിയിരിക്കുന്ന ഒരു ചെറിയ ശ്രീകോവിലുണ്ട്. വടക്കുംനാഥൻ എന്നാണ് ഇതിനു പറയുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ അതേ സങ്കല്പമാണ് ഇവിടെയും ഉള്ളത്.
സാധാരണയായി തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ കിഴക്കോട്ടാണ് ദർശനം. ഭാരതത്തിൽ തന്ന അപൂർവ്വമായ ബ്രഹ്മ പ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണിത്. എന്നാൽ ഇത് ബ്രഹ്മ പ്രതിഷ്ഠ അല്ലാ എന്നും പഞ്ച മുഖത്തിലുള്ള ശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഒരു വാദമുണ്ട്.
ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് എന്നു പറയുംപോലെ ഇവിടുത്തെ പ്രത്യേകത കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ്. അർധനീരീശ്വര സങ്കല്പത്തിൽ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ കുടുംബകലഹങ്ങൾക്കും മറ്റും ഇവിടെ എത്തി പ്രാർഥിച്ചാൽ പരിഹാരം ഉണ്ടാകും എന്നാണ് വിശ്വാസം.
ദിവസം മൂന്നു പൂജകളാണ് ഈ ക്ഷേത്രത്തിൽ നടക്കുന്നത്. രാവിലെ അഞ്ചുമണി മുതൽ പതിനൊന്നുമണി വരെയും വൈകീട്ട് അഞ്ചുമണി മുതൽ രാത്രി എട്ടുമണി വരെയും ഇവിടെ ദർശനം നടത്താം.
മറ്റേതു ക്ഷേത്രത്തിലെയും പോലെ മഹാശിവരാത്രിയാമ് ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം ഇവിടെ വിശേഷാൽ പൂജയും നമാജപവും ഒക്കെയുണ്ടാവും.
വർത്തമാന കേരളത്തിനെ ഒരു സാമൂഹ്യഇടം എന്ന നിലയിൽ മുന്നോട്ടെത്തിച്ച കാര്യങ്ങളിലൊന്നായിരുന്നു പാലിയം സത്യാഗ്രഹം. അവർണ്ണ ഹിന്ദു സമുദായങ്ങളിൽ പെട്ടവർക്ക് ക്ഷേത്രങ്ങളിൽ സാഘധാരണ വിശ്വാസികളേപ്പോലെ പ്രവേശനം അനുവദിക്കുവാനായി നടത്തിയ സത്യാഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ചേന്ദമംഗലം കുന്നത്തളി ക്ഷേത്രത്തിൽ നടന്ന സത്യാഗ്രഹം. പാലിയം സത്യാഗ്രഹം എന്നാണിത് അറിയപ്പെടുന്നത്.
ക്ഷേത്രമിരിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുവാനും ക്ഷേത്രത്തിൽ പ്രവേശിക്കുവാനും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു അവർണ്ണ സമുദായക്കാർ 1947 ൽ സത്യാഗ്രഹം നടത്തിയത്. കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ വീടിനു സമീപത്തുകൂടിയുള്ള പാതയിലൂടെയുള്ള സഞ്ചാരമായിരുന്നുഅവർ ആവശ്യപ്പെട്ടിരുന്നത്. നിരവധി ആളുകൾ രക്ത സാക്ഷികളായ ഈ സമരം അവസാനിക്കുന്നത് കൊച്ചി രാജാവ് ക്ഷേത്രദർശനത്തിനും മറ്റും അവർണ്ണർക്ക് സ്വാതന്ത്ര്യമനുവദിച്ചുകൊണ്ട് 1947 ഡിസംബർ 20ന് വിളംബരം പുറപ്പെടുവിച്ചപ്പോഴാണ്.

Related Articles

Latest Articles