Tuesday, September 22, 2026

ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം ! ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം.ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കും. താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

നിലവിൽ 108 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്.

മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞ് പരന്നിട്ടുണ്ട് ഇതോടെ കാഴ്ച മറയുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപ്പൊട്ടൽ ഉണ്ടാകുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്.

Related Articles

Latest Articles