ഇസ്ലാമാബാദ്: പാകിസ്താനിലെ ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടന്നതിന് പിന്നാലെ നടന്ന കനത്ത ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എ.എഫ്.പി നോട് പറഞ്ഞു. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ദരാബൻ പ്രദേശത്തെ ചെക്ക് പോസ്റ്റിൽ ഉണ്ടായായ ആക്രമണത്തിലെ ഏറ്റുമുട്ടലിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
സൈന്യം ഉടൻ സ്ഥലത്തെത്തി, അക്രമികളെ പിടികൂടാൻ വ്യാപക ഓപ്പറേഷൻ ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ താവളങ്ങളിൽ നിന്ന് ടിടിപി പ്രവർത്തനം നടത്തുന്നതായി പാകിസ്താൻ നേരത്തെ ആരോപിച്ചിരുന്നു. 2021-ൽ കാബൂളിൽ താലിബാൻ സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം പാകിസ്താനിൽ തീവ്രവാദ ആക്രമണങ്ങൾ വർധിച്ചതായും പാകിസ്താൻ ആരോപിക്കുന്നു.

