Tuesday, May 14, 2024
spot_img

ഉഗാണ്ടയിൽ ഭീകരാക്രമണം; 38 കുട്ടികൾ ഉൾപ്പെടെ 41 പേരെ വെട്ടിയും വെടിവച്ചും കൊന്നു; മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത നിലയിൽ

പോണ്ട്‌വെ : ഉഗാണ്ടയില്‍ സ്കൂളിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 41 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 38 പേർ വിദ്യാർത്ഥികളാണ്. കോംഗോയുടെ അതിർത്തി പ്രദേശത്തുള്ള സെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് ആക്രമണമുണ്ടായതെന്ന് പോണ്ട്‌വെ ലുബിറിഹ മേയർ സെൽവെസ്റ്റ് മാപോസ് വ്യക്തമാക്കി.

മരിച്ചവരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേർ നാട്ടുകാരുമാണ്. പരിക്കേറ്റ എട്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധികളാക്കി നിരവധിപ്പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. സ്കൂൾ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ തീവച്ചു. സ്‌കൂൾ കെട്ടിടത്തിന് നേരെ ബോംബ് എറിയുകയും ചെയ്തു. വെട്ടേറ്റും വെടിയേറ്റുമാണ് ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ വികൃതമാക്കപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.

ആഗോള ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്കൂളുകള്‍ക്ക് തീ വയ്ക്കുന്നതും കുട്ടികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഇവരുടെ രീതിയാണ്. 1990കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001ല്‍ സൈന്യം ഉഗാണ്ടയിൽനിന്നു തുരത്തിയിരുന്നു. പിന്നീട് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും തുടർന്ന് ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.

Related Articles

Latest Articles