Sunday, April 28, 2024
spot_img

അഫ്ഗാനിസ്ഥാനെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തോൽവിയിലേക്ക് തള്ളിയിട്ട് ബംഗ്ലാദേശ് ; തകർത്തത് 546 റൺസിന്

ധാക്ക : അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നൂറ്റാണ്ടിലെത്തന്നെ കൂറ്റൻ ജയവുമായി ബംഗ്ലാദേശ് . 662 റൺസ് വിജയലക്ഷ്യമെന്ന ബാലികേറാ മലയിലേക്ക് ബാറ്റ് വീശിയ അഫ്ഗാൻ രണ്ടാം ഇന്നിങ്സിൽ വെറും 115 റൺസിനു പുറത്തായി. ഇതോടെ ബംഗ്ളാദേശിന് 546 റൺസ് ജയം. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ് 4ന് 425 ഡിക്ലയേഡ്. അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 146, രണ്ടാം ഇന്നിങ്സ് 115.

റൺസ് അടിസ്ഥാനത്തിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് ഇന്ന് ബംഗ്ലാദേശ് സ്വന്തം പേരിലാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയവും. 2005ൽ ചിറ്റഗോംഗിൽ സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുൻപുള്ള ഏറ്റവും വലിയ ജയം.

അവസാന ദിനത്തിൽ, 2ന് 45 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടു ദിവസവും 8 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 617 റൺസാണ് അവർക്കു വേണ്ടിയിരുന്നത്. ജയപ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിലും ജയത്തോളം പോന്ന ഒരു സമനില അഫ്ഗാൻ ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾ വെള്ളത്തിലാക്കിക്കൊണ്ട് വെറും 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സന്ദർശകർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. അഫ്ഗാൻ നിരയിൽ റഹ്മത്ത് ഷാ (30), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (13), കരീം ജനത് (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദ്, മൂന്നു വിക്കറ്റ് നേടിയ ഷോറിഫുൽ ഇസ്‌ലാം ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസ്, എബദോട്ട് ഹുസൈൻ എന്നിവർ ചേർന്നാണ് അഫ്ഗാനിസ്ഥാനെ വൻ തോൽവിയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ബംഗ്ലാദേശ് താരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് പ്ലെയർ ഓഫ് മാച്ച്.

Related Articles

Latest Articles