ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. എന്നാൽ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ അനന്ത്നാഗിലെ പഹൽഗാം മേഖലയിലെ ശ്രീചന്ദ് വനമുകളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലാലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഭീകരൻ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. നിലവിൽ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് കൂട്ടിച്ചേർത്തു
അതേസമയം ജമ്മുകശ്മീരിലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിലായിരുന്നു. ജമ്മുകശ്മീരിലെ അനന്ത്നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരനെ പോലീസ് പിടികൂടിയത്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്രി. ഇയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അനന്ത്നാഗിലെ കൊക്കർനാഗ് ഏരിയയിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്. കൂടാതെ ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
അനന്ത്നാഗിലെ കൊക്കർനാഗ് ഏരിയയിൽ നിന്നും പിടിയിലായ നൗഗാം സ്വദേശിയായ ഭീകരൻ 2017 സെപ്റ്റംബർ മുതൽ ഹിസ്ബുൾ-മുജാഹിദീൻ സംഘടനയുടെ ഭാഗമാണെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.

