Saturday, January 3, 2026

18 % പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കും !! സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ;അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക 18 %പിഴപ്പലിശ സഹിതം തിരികെ ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു. ബിഎംഡബ്ള്യു കാർ സ്വന്തമായുള്ള ഉദ്യോഗസ്ഥർ പോലും സാമൂഹ്യപെൻഷൻ അനധികൃതമായി കൈപറ്റിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

പിഴ സഹിതം പെൻഷൻ തിരിച്ചു പിടിക്കുന്നതിന് പുറമെ അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണര്‍ക്കും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹരായവര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്നും അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനര്‍ഹമായി 1458 പേര്‍ക്ക് മാസം തോറും ക്ഷേമ പെന്‍ഷന്‍ കിട്ടുമ്പോള്‍ ഒരു മാസം പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്നത് ഇരുപത്തിമൂന്ന് ലക്ഷം രൂപയോളമാണ്. ഒരു വര്‍ഷമെടുത്താല്‍ അത് രണ്ടേമുക്കാല്‍ കോടിയോളം വരും. പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ് വെയറിലേയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ് വെയറിലേയും ആധാര്‍ നമ്പറുകള്‍ ഒരു പോലെ വന്നതോടെയാണ് തട്ടിപ്പ് കൈയ്യോടെ പിടികൂടിയത്.

Related Articles

Latest Articles