Monday, June 17, 2024
spot_img

മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു! ബാറുടമകളും എക്സൈസ് മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്; യോഗം വിളിച്ചത് ടൂറിസം വകുപ്പ്!

തിരുവനന്തപുരം: മദ്യനയത്തിൽ പ്രാഥമിക ചർച്ചകൾ പോലും നടന്നില്ലെന്ന വാദം പൊളിയുന്നു. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി ടൂറിസം വകുപ്പ് 21 ന് വിളിച്ച യോഗത്തിൻറെ വിവരങ്ങൾ പുറത്ത്. യോഗത്തിൽ ബാറുടമകളും പങ്കെടുത്തു. ഡ്രൈ ഡേ മാറ്റുന്നതടക്കം ചർച്ചയായെന്ന് യോഗത്തിൽ പങ്കെടുത്ത ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നില്ലെന്നാണ് നേരത്തെ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞത്. എന്നാൽ ഇത് പൊളിക്കുന്ന വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മെയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. യോഗത്തിന്റെ ഏക അജണ്ട, മദ്യനയമാറ്റം മാത്രമായിരുന്നു. യോഗവിവരം അറിയിച്ച്, യോഗത്തിന്റെ ഓൺലൈൻ ലിങ്കും ചേർത്ത് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഇ-മെയിൽ അയച്ചിരുന്നു. ബാറുടമകൾ, ഹോം സ്റ്റേ ഉടമകൾ തുടങ്ങിയ ടൂറിംസം രംഗവുമായി ബന്ധപ്പെട്ടവരാണ് നയമാറ്റത്തിനുള്ള നിർദ്ദേശങ്ങൾ നൽകാനുള്ള യോഗത്തിൽ പങ്കെടുത്തത്.

ഈ യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ബാറുടമകളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൊച്ചിയിൽ ചേർന്നത്. ഈ യോഗത്തിനിടയിലാണ് പണപ്പിരിവിനുള്ള അനിമോന്റെ ഓഡിയോ സന്ദേശം അംഗങ്ങൾക്ക് ലഭിക്കുന്നത്. ഡ്രൈ ഡേ മാറ്റുന്നതിന് പ്രത്യുപകാരമായി പണം നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് സുനിൽകുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇതറിയിക്കുന്നത് എന്നുമായിരുന്നു ഓഡിയോ സന്ദേശം. ഇത്രയൊക്കെ നടന്നതിന് ശേഷമാണ് ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്ന് മന്ത്രിമാരും സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനും കള്ളം പറഞ്ഞത്.

Related Articles

Latest Articles