Saturday, December 20, 2025

ചികിത്സ വൈകിയെന്ന്‌ ആരോപിച്ച് ഡോക്ടറെ മർദ്ദിച്ച കേസ്:രണ്ട് പ്രതികൾ കീഴടങ്ങി

കോഴിക്കോട്: ചികിത്സ വൈകിയെന്ന്‌ ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരാണ് കീഴടങ്ങിയത്.കേസിൽ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. ഫാത്തിമ ആശുപത്രിയിൽ വെച്ച് ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്കാൻ റിസൾട്ട്‌ വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്നാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൗണ്ടറിന്‍റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞ് തകർത്തത്.

ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നു ഐ എം എ അറിയിച്ചു.

Related Articles

Latest Articles