Monday, May 13, 2024
spot_img

എസ്എൻസി ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരി​ഗണിക്കും

ദില്ലി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരി​ഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി.

മലയാളി കൂടിയായ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആറ് വർഷത്തിനിടെ നാല് ബെഞ്ചുകൾക്ക് മുൻപാകെ 33 തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല.

Related Articles

Latest Articles