Sunday, May 19, 2024
spot_img

റെസ്‌ലിങ് ഫെഡറേഷൻ;നടപടിയെടുത്ത് കേന്ദ്രം , ഫെഡറേഷന്റെ എല്ലാപ്രവർത്തനങ്ങളും താത്‌കാലികമായി നിർത്തിവെക്കണമെന്ന് കായിക അറിയിച്ച് മന്ത്രാലയം

ദില്ലി : റെസ്‌ലിങ് ഫെഡറേഷനിലെ പീഡനങ്ങൾക്കെതിരേ നടപടിയെടുത്ത് കേന്ദ്രം. ഫെഡറേഷന്റെ എല്ലാപ്രവർത്തനങ്ങളും താത്‌കാലികമായി നിർത്തിവെക്കണമെന്ന് കായിക മന്ത്രാലയം അറിയിച്ചു.മേൽനോട്ടസമിതി ഫെഡറേഷൻറെ ദൈനംദിനപ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കും. താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽനിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച സമരം തുടങ്ങിയപ്പോൾ ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം കൊടുക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സമരംചെയ്ത ഗുസ്തിതാരങ്ങൾക്ക് രഹസ്യ അജൻഡയുണ്ടെന്നാണ് റെസ്‌ലിങ് ഫെഡറേഷൻ മറുപടിനൽകിയത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.നേരത്തേ, സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു.

ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് അന്താരാഷ്ട്രതാരങ്ങളുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചിരുന്നു. സമിതിയെ ഉടൻ പ്രഖ്യാപിക്കും. ലൈംഗികാതിക്രമപരാതികൾ അന്വേഷിക്കാൻ ഫെഡറേഷന് അഞ്ചംഗസമിതിയുണ്ടെന്ന് ഫെഡറേഷൻ കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. പ്രതിഷേധിച്ച താരങ്ങളിൽനിന്ന് പരാതികിട്ടിയിട്ടില്ല. ഫെഡറേഷനെയും പ്രസിഡന്റിനെയും പരിശീലകരെയും ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണിത്. ആവശ്യപ്പെടുന്ന വിവരങ്ങൾ മന്ത്രാലയത്തിന് നൽകുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.എൻ. പ്രസൂദ് ഒപ്പുവെച്ച മറുപടിയിൽ പറയുന്നു.

Related Articles

Latest Articles