Sunday, November 15, 2026

ഭാരതത്തിന്റെ അഭിമാനതാരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കരുതൽ !വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻ അനാഹത് സിംഗിന് ആദരവുമായി കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ

ദില്ലി: വേൾഡ് ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ അനാഹത് സിംഗിനെയും വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ടീമിനെയും കേന്ദ്ര യൂത്ത് അഫയേഴ്‌സ് & സ്പോർട്സ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആദരിച്ചു. ദില്ലിയിൽ നടന്ന ചടങ്ങിൽ വെങ്കല മെഡൽ വിജയികളായ ആര്യവീർ ദിവാൻ, യൂഷാ നഫീസ്, ഗുർവീർ സിംഗ് എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ആഴ്ച കാനഡയിൽ നടന്ന ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ സലേമിനെ നേരിട്ടുള്ള സെറ്റുകൾക്ക് (3-0) തോൽപ്പിച്ചാണ് പതിനെട്ടുകാരിയായ അനാഹത് സിംഗ് കിരീടം ചൂടിയത്. ഈ ടൂർണമെന്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും അനാഹത് സ്വന്തമാക്കി. ടൂർണമെന്റിലെ അഞ്ചാം പങ്കാളിത്തത്തിലാണ് അനാഹത് ഈ നേട്ടത്തിലെത്തുന്നത്. കഴിഞ്ഞ വർഷം കെയ്‌റോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ താരം വെങ്കലം നേടിയിരുന്നു.

ചടങ്ങിൽ കായികതാരങ്ങളുമായി സംവദിച്ച കേന്ദ്രമന്ത്രി, ഈ വിജയം തുടക്കമായി കണ്ട് 2026 ഏഷ്യൻ ഗെയിംസ്, 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് എന്നിവ ലക്ഷ്യമിട്ട് മുന്നേറാൻ യുവതാരങ്ങളെ പ്രചോദിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് സ്ക്വാഷ് കായികരംഗത്തേക്ക് കടന്നുവരാൻ അനാഹതിന്റെ ഈ വിജയം വലിയ ഊർജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷസൂചകമായി താൻ ഒപ്പിട്ട സ്ക്വാഷ് റാക്കറ്റും പന്തും അനാഹത് സിംഗ് കായികമന്ത്രിക്ക് ഉപഹാരമായി നൽകി. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സ്ക്വാഷ് മത്സരം അരങ്ങേറ്റം കുറിക്കാനിരിക്കെ, ഇന്ത്യ കൈവരിച്ച ഈ അന്താരാഷ്ട്ര വിജയം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

Related Articles

Latest Articles