Saturday, January 10, 2026

രാജ്യത്തെ കോവിഡ് ആശങ്കയ്ക്ക് ശമനം; ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ അടുത്ത മാസം മുതൽ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ദില്ലി: രാജ്യത്തെ കോവിഡ് ആശങ്ക ഒഴിഞ്ഞതോടെ ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തീവണ്ടി സർവ്വീസുകൾ അടുത്ത മാസം ഒന്ന് മുതൽ വീണ്ടും ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ തീരുമാനം. രണ്ട് തീവണ്ടികളാണ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് സർവ്വീസ് നടത്തുന്നത്. മൈത്രി എക്‌സ്പ്രസ്, ബന്ധൻ എക്‌സ്പ്രസ് എന്നിവയാണ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള തീവണ്ടികൾ. ഇവ പുന:രാരംഭിക്കുന്നതിന് പുറമേ പുതിയ ഒരു സർവ്വീസ് കൂടി പരീക്ഷണാർത്ഥം ആരംഭിക്കാനാണ് തീരുമാനം.പുതിയ സർവ്വീസായി ന്യൂ ജപയ്ഗുരി- ധാക്ക മിത്താലി എക്‌സ്പ്രസ് ആണ് ആരംഭിക്കുന്നത്. ജൂൺ ഒന്നിന് ബംഗ്ലാദേശി റെയിൽവേ മന്ത്രി ഇന്ത്യ സന്ദർശിക്കും. ഇതിനോട് അനുബന്ധിച്ചാണ് പുതിയ തീവണ്ടി സർവ്വീസ് ആരംഭിക്കുന്നത്.

2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ച തീവണ്ടി സർവ്വീസ് ആണ് മിത്താലി എക്‌സ്പ്രസ്. അതേസമയം കൊൽക്കത്ത- ധാക്ക മൈത്രി എക്‌സ്പ്രസ് ആഴ്ചയിൽ അഞ്ച് ദിവസവും, കൊൽക്കത്ത- ഖുൽന ബന്ധൻ എക്‌സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസവുമാണ് സർവ്വീസ് നടത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ ഇവ താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ സർവ്വീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

Related Articles

Latest Articles