ബെയ്ജിംഗ്: ചൈനയിലെ ഷാൻവെയ് മൃഗശാലയിൽ സഞ്ചാരികളെ കബളിപ്പിക്കാൻ ശ്രമം. പാണ്ടകൾക്ക് പകരം ദേഹമാസകലം പെയിന്റടിച്ച നായകളെയാണ് അധികൃതർ സഞ്ചാരികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. ചൗ ചൗസ് നായ്ക്കളെയാണ് പാണ്ടകളെ പോലെ പെയിന്റടിച്ച് മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ഒറ്റനോട്ടത്തിൽ പാണ്ടയെന്ന് തോന്നിപ്പിക്കുമെങ്കിലും ഇവ കുരച്ചതോടെയാണ് സത്യം പുറത്തുവന്നത്.
ആദ്യ ഘട്ടത്തിൽ മൃഗശാല അധികൃതർ സത്യം വെളിപ്പെടുത്താൻ തയ്യാറായില്ലെങ്കിലും പിന്നീട് മറ്റ് വഴികളില്ലാതായതോടെ കുറ്റസമ്മതം നടത്തി. തുടക്കത്തിൽ ഇവ ഒരു പ്രത്യേകതരം ‘പാണ്ട ബ്രീഡാ’ണെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ, സഞ്ചാരികൾ രോഷാകുലരാകുന്ന ഘട്ടമെത്തിയപ്പോൾ മൃഗശാല അധികൃതർ തന്നെ അവരുടെ വഞ്ചന അംഗീകരിക്കാൻ നിർബന്ധിതരാകുകയായിരുന്നു. മൃഗശാലയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോയിൽ ഒരു ‘പാണ്ട’ പാറയിൽ കിടക്കുകയും മറ്റൊന്ന് ചുരുണ്ട വാലുമായി നടന്നുവരുന്നതും കാണാം. ഇതോടെ ഇവ യഥാർത്ഥ പാണ്ടകളല്ലെന്ന് മനസ്സിലാക്കിയ സന്ദർശകർ പണം തിരികെ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് ആദ്യമായല്ല, ഇത്തരമൊരു തട്ടിപ്പ് ചൈനീസ് മൃഗശാലാ അധികൃതര്‍ നടത്തുന്നത്. ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ഷോ മൃഗശാലയിലും ഇത്തരത്തില്‍ ചൗ ചൗസ് നായകളെ ചായം പൂശി പാണ്ടകളാക്കി രംഗത്തിറക്കിയിരുന്നു. മറ്റൊരു ചൈനീസ് മൃഗശാല, യഥാര്‍ത്ഥ കരടിയെ കിട്ടാത്തതിനാല്‍ മനുഷ്യനെ കൊണ്ട് കരടി വേഷം കെട്ടിച്ച് മൃഗശാലയിലെ കൂട്ടില്‍ കിടത്തിയതും വിവാദമായിരുന്നു.

