ന്യൂദില്ലി: വന്ദേ ഭാരതം… വന്ദേ മാതരം! രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട സാക്ഷിയായപ്പോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി രചിക്കപ്പെട്ടിരിക്കുകയാണ്. എൺപതാം സ്വാതന്ത്ര്യദിനത്തിൽ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി, 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ അടുത്ത കുതിപ്പിനും വ്യക്തമായ ദിശ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കരസേന, നാവികസേന, വ്യോമസേന, ദില്ലി പോലീസ് എന്നിവരടങ്ങിയ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.
തുടർന്ന് ക്യാപ്റ്റൻ സോണിയ സിങ് ചൗഹാന്റെ സഹായത്തോടെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി. സ്വദേശി നിർമ്മിത 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകൾ ഉപയോഗിച്ച് 21 ആചാരപരമായ വെടിയൊച്ചകൾ മുഴക്കി രാജ്യത്തിന്റെ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിച്ചു. വ്യോമസേന ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെ ചടങ്ങിന് കൂടുതൽ പ്രൗഢിയേറി.
ചെങ്കോട്ടയിൽ ആദ്യമായി ‘വന്ദേമാതരം’
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തങ്ങളിലൊന്ന് എന്ന് പറയുന്നത് ചെങ്കോട്ടയിൽ ആദ്യമായി പൂർണ്ണരൂപത്തിൽ ‘വന്ദേമാതരം’ ആലപിച്ചതാണ്. ദേശീയ ഗീതമായ ‘വന്ദേമാതരം’ 150 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യം.
വന്ദേമാതരവും യുവശക്തിയും ആയിരുന്നു ആഘോഷങ്ങളുടെ ഈ വർഷത്തെ പ്രധാന പ്രമേയങ്ങൾ. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ശക്തിയായി യുവജനങ്ങളെ മുന്നിൽ നിർത്തിയ പ്രധാനമന്ത്രി, 2047ലെ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ യുവശക്തിയുടെ പങ്ക് നിർണായകമാണെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വ്യക്തമാക്കി.
2047 — വികസിത ഭാരതം ലക്ഷ്യം-
രാജ്യത്തെ 140 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയിലാണ് വികസിത ഭാരതത്തിന്റെ സ്വപ്നം,” എന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ ധൈര്യവും ത്യാഗവും അചഞ്ചലമായ പ്രതിബദ്ധതയും ഇന്നും നമ്മുടെ രാജ്യത്തിന് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി ‘മേക്ക് ഇൻ ഇന്ത്യ’യെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറണമെന്നും ഉൽപ്പാദനം, ഡിസൈൻ, സാങ്കേതികവിദ്യ, ഗുണമേന്മ, വിതരണശൃംഖല എന്നിവയിൽ രാജ്യത്തിന്റെ ശേഷി വർധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവോർജത്തിൽ വൻ ലക്ഷ്യം-
2047ഓടെ 100 ജിഗാവാട്ട് ആണവോർജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് പുതിയ ന്യൂക്ലിയർ റിയാക്ടറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗരോർജ ഉൽപ്പാദന ശേഷി 106 ജിഗാവാട്ടായി ഉയർന്നതും പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ 700ലധികം നഗരങ്ങളിലേക്കെത്തിച്ചതും രാജ്യത്തിന്റെ വികസനത്തിന്റെ ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
റെയിൽവേയിൽ സമ്പൂർണ വൈദ്യുതീകരണം-
പതിറ്റാണ്ടുകളായി നീണ്ടുനിന്ന റെയിൽവേ വൈദ്യുതീകരണത്തിന് വലിയ വേഗം നൽകിയെന്നും രാജ്യത്തെ റെയിൽ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനൊപ്പം ആധുനിക ഹൈവേകൾ, ഉൾനാടൻ ജലപാതകൾ, വേഗമേറിയ ഗതാഗത സംവിധാനം എന്നിവയിലൂടെ രാജ്യത്തിന്റെ ഗതിശക്തി വർധിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘റിഫോം എക്സ്പ്രസ്’ — ഇനി അടുത്ത ഘട്ടത്തിലേക്ക്-
ഭാരതം ഇനി ‘റിഫോം എക്സ്പ്രസ്’*പാതയിലാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2047 ലക്ഷ്യത്തിലെത്താൻ അടുത്ത ഘട്ട പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണ ശേഷി വർധിപ്പിക്കൽ, ഭക്ഷ്യ ഉൽപ്പാദനവും സംസ്കരണവും, സാങ്കേതികവിദ്യയും നവീകരണവും, ഗതിശക്തി, പ്രതിരോധം, ഗ്രീൻ-ബ്ലൂ സമ്പദ്വ്യവസ്ഥ, യോഗ-ആത്മീയത-ടൂറിസം ഉൾപ്പെടെയുള്ള സോഫ്റ്റ് പവർ മേഖലകൾ — ഏഴ് പ്രധാന പരിഷ്കരണ മേഖലകൾക്കാണ് പ്രധാനമന്ത്രി ഊന്നൽ നൽകിയത്.
ദേശസുരക്ഷയ്ക്ക് മുൻഗണന: പൗരന്മാരും സജ്ജരാകണം
വികസനത്തിനൊപ്പം രാജ്യസുരക്ഷയും പരമപ്രധാനമാണെന്ന ശക്തമായ സന്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അവസരം കാത്തിരിക്കുന്ന ‘അർബൻ നക്സൽ’ ശക്തികൾക്കെതിരെ ജാഗ്രത വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് സൈന്യത്തിന്റെയും സുരക്ഷാസേനകളുടെയും മാത്രം ഉത്തരവാദിത്വമല്ലെന്നും, ഭീഷണികളെ നേരിടാൻ സാധാരണ പൗരന്മാരും ആവശ്യമായ രീതിയിൽ സജ്ജരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള വിതരണ ശൃംഖലയുടെ കേന്ദ്രമായി ഭാരതം മാറണം. ഭക്ഷ്യസംസ്കരണം മുതൽ പ്രതിരോധ ഉൽപ്പാദനം വരെ, സാങ്കേതികവിദ്യ മുതൽ ടൂറിസം വരെ എല്ലാ മേഖലകളിലും ഇന്ത്യയുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിക്കണമെന്ന സന്ദേശമാണ് ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നൽകിയത്.
ഹർ ഘർ തിരംഗ — ജനകീയ മുന്നേറ്റമായി-
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഹർ ഘർ തിരംഗ അഭിയാൻ രാജ്യവ്യാപക ജനകീയ മുന്നേറ്റമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ടുവരെ 4.86 കോടി പേർ ദേശീയപതാകയ്ക്കൊപ്പമുള്ള സെൽഫി പോർട്ടലിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.
കൂടാതെ സ്വാതന്ത്ര്യത്തിനായി പോരാടിയ അനേകം ധീരരുടെ ത്യാഗം രാജ്യം നന്ദിയോടെ ഓർക്കുന്നു. അവരുടെ സ്വപ്നങ്ങൾ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ രാജ്യത്തിന് പ്രചോദനമായി തുടരുമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.
12 വർഷത്തെ കുതിപ്പ്; വികസനത്തിന്റെ വേഗം ഉയർന്നെന്ന് മോദി
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യം കൈവരിച്ച വൻ മുന്നേറ്റങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി. പ്രതിരോധ ഉൽപ്പാദനം നാല് മടങ്ങും ഖാദി-ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം അഞ്ച് മടങ്ങും വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് നിർമാണം ഏഴ് മടങ്ങും ആധുനിക റെയിൽവേ കോച്ചുകളുടെ നിർമാണം 21 മടങ്ങും മൊബൈൽ ഫോൺ ഉൽപ്പാദനം 33 മടങ്ങുമാണ് ഉയർന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റൽ ഇടപാടുകളിലും വൻ വർധന ഉണ്ടായതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മെട്രോ ശൃംഖലയുടെ വിപുലീകരണവും പൊതുഗതാഗത സംവിധാനത്തിന്റെ ശക്തിപ്പെടുത്തലും അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ചു.
സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വലിയ മാറ്റമുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടിവെള്ള കണക്ഷൻ നൽകുന്നതിൽ 15 മടങ്ങും ഗ്യാസ് കണക്ഷനുകളിൽ ആറ് മടങ്ങും വേഗം കൈവരിച്ചെന്നും, പാവപ്പെട്ടവർക്ക് ശൗചാലയങ്ങൾ നിർമിച്ചുനൽകുന്നതിൽ നാല് മടങ്ങും വീടുകൾ നൽകുന്നതിൽ മൂന്ന് മടങ്ങും വേഗത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപരിഷ്കാരങ്ങളിലേക്കും പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. ആയിരക്കണക്കിന് അനാവശ്യ ചട്ടങ്ങളും പഴയ നിയമങ്ങളും റദ്ദാക്കിയെന്നും 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ വേഗം ജനങ്ങളുടെ ജീവിതത്തിലേക്ക് നേരിട്ട് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന സന്ദേശമാണ് ഈ കണക്കുകളിലൂടെ പ്രധാനമന്ത്രി മുന്നോട്ടുവച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പവും ദുരിതമനുഭവിക്കുന്നവർക്കൊപ്പവും രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുനൽകി.
ചെങ്കോട്ടയിൽ ഉയർന്നത് ഒരു പതാക മാത്രമല്ല — 2047ലെ ഇന്ത്യയുടെ സ്വപ്നവും പ്രതീക്ഷയും കൂടിയാണ്.വന്ദേ ഭാരതം… വന്ദേ മാതരം! ജയ് ഹിന്ദ് . പ്രേക്ഷകർക്ക് തത്ത്വമയി ന്യൂസ് ചാനലിന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ.

