തലശ്ശേരി : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിപകർപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് തലശ്ശേരി സെഷന്‍സ് കോടതി വിധി പകർപ്പിൽ പറയുന്നു. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. 38 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകൾ ജാമ്യം നൽകുന്നതിന് കാരണമല്ലെന്നും ഹർജിക്കാരിയുടെ പ്രവൃത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി വ്യക്തമാക്കി.
“വഴിയെ പോകുമ്പോൾ യാത്രയയപ്പ് ചടങ്ങ് കണ്ട് താൻ കയറിയതാണെന്ന് ചടങ്ങിൽ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയത്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യം നൽകാൻ സാധിക്കില്ല. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിരിക്കുന്നത്. അതിനുപിന്നിൽ ആസൂത്രണം നടത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ആൾക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തുക എന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയത്. ഇത്തരം ഒരു കേസിൽ മുൻകൂർ ജാമ്യം നൽകുകയാണെങ്കിൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രാദേശിക ടെലിവിഷൻ ചാനലിനെ വിളിച്ച് ഷൂട്ട് ചെയ്യിപ്പിച്ച് പത്തനംതിട്ടയിൽ വീഡിയോ പ്രചരിപ്പിച്ചു. ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ല എന്ന സ്ഥിതിയിലെത്തിച്ചു. ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ മനസ്സിലാക്കിയിരുന്നു. അഴിമതി അറിഞ്ഞെങ്കിൽ പോലീസിനേയോ വിജിലൻസിനേയോ സമീപിക്കേണ്ടിയിരുന്നു. അതിനുപകരം ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തിൽ പരിഹസിക്കാനാണ് ശ്രമിച്ചത്”- കോടതി നിരീക്ഷിച്ചു. താൻ പൊതുപ്രവർത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകൾ യാത്ര ചെയ്ത് പൊതുപ്രവർത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങൾ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതൊന്നും മുൻകൂർ ജാമ്യം നൽകാനുള്ള കാരണമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

