Friday, May 17, 2024
spot_img

ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാ സമ്പ്രദായത്തെ തകർക്കാൻ ശ്രമിച്ച് DMK സര്‍ക്കാര്‍

ചിദംബരം നടരാജക്ഷേത്രത്തില്‍ പൊലീസിനെ കയറ്റിയ ഡിഎംകെ സര്‍ക്കാരിന്‍റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് വകുപ്പിനെയും അണ്ണാമലൈ വിമര്‍ശിച്ചു. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറവും ചരിത്ര, മത പ്രാധാന്യം പേറുന്നതാണ് ചിദംബരത്തിലെ നടരാജ ക്ഷേത്രം. ചിദംബരം നടരാജ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാ സമ്പ്രദായത്തെ തകര്‍ക്കാനാണ് ഡിഎംകെ സര്‍ക്കാര്‍ പ്രവർത്തിച്ചതെന്ന് അണ്ണാമലൈ തുറന്നടിച്ചു. വാര്‍ഷികോത്സവത്തിന് ശേഷം മൂന്ന് ദിവസം പ്രധാന വേദിയായ കനകസഭയില്‍ അതായത് സ്വര്‍ണ്ണത്തില്‍ പണിത വേദിയിൽ പൊതുജനം പ്രവേശിക്കരുതെന്നതാണ് ക്ഷേത്രം മുറുകെപ്പിടിക്കുന്ന ആചാരം. എന്നാല്‍ ഇതാണ് പൊലീസ് സഹായത്തോടെ എച്ച് ആര്‍ സിഇ ഉദ്യോഗസ്ഥര്‍ കനകസഭൈയില്‍ കയറിയതു വഴി തകര്‍ത്തത്. ആയിരത്തിലധികം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആചാരമാണ് തകര്‍ത്തതെന്നും അണ്ണാമലൈ തുറന്നടിച്ചു. കൂടാതെ, ചിദംബരം ക്ഷേത്രത്തിന്‍റെ സ്വയം ഭരണാവകാശമാണ് ഡിഎംകെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് തകര്‍ത്തത്. തമിഴ്നാട്ടിലെ എച്ച് ആര്‍ ആന്‍റ് സിഇയുടെ നിയമാധികാരപരിധിയില്‍പ്പെടാത്ത ക്ഷേത്രമാണ് ചിദംബരം നടരാജ ക്ഷേത്രം. ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ലംഘനമാണ് ഡിഎംകെ സര്‍ക്കാര്‍ നടത്തിയതെന്നും ഭക്തരുടെ വികാരങ്ങളെയും ഡി.എം.കെ സർക്കാർ കാറ്റില്‍ പറത്തിഎന്നും അണ്ണാമലൈ വിമർശിച്ചു.

അതേസമയം, ഭരണഘടനയുടെ 26ാം വകുപ്പനുസരിച്ച് ഹിന്ദുമതത്തിലെ പ്രമുഖവിഭാഗമാണ് ചിദംബരം ദീക്ഷിതര്‍മാര്‍. 1951ലെ‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ചിദംബരം നടരാജക്ഷേത്രത്തിന്‍റെ ഭരണാധികാരം ദീക്ഷിതര്‍മാരില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ്. അതിനാല്‍ സര്‍ക്കാരിന് ഈ ക്ഷേത്രത്തില്‍ ഇടപെടാന്‍ യാതൊരു നിയമാധികാരവുമില്ല. 1953ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഈ വിധിയ്ക്കെതിരെ പരാതി നല്‍കിയ അന്നത്തെ മദ്രാസ് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഹിന്ദുമതത്തിലെ പ്രധാന സമുദായം നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളുടെ മേല്‍ തമിഴ്നാട് സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് 1959ലെ ഹിന്ദു റിലിജ്യസ് ചാരിറ്റീസ് നിയമം സുവ്യക്തമായി പറയുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി.

2009ല്‍ ചിദംബരം നടരാജ ക്ഷേത്രം ഏറ്റെടുക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ ഒരു പ്രത്യേക ഉത്തരവിറക്കി ശ്രമിച്ചപ്പോള്‍, സുപ്രീംകോടതി ഈ നീക്കം തടഞ്ഞുവെന്ന് മാത്രമല്ല, 2014ല്‍ ഈ സര്‍ക്കാര്‍ ഉത്തരവ് ഡിഎംകെ പിന്‍വലിക്കുകയും ചെയ്തിരുന്നു. 2021ല്‍ അധികാരത്തില്‍ വന്നത് മുതല്‍ ചിദംബരം ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചതിന് ഡിഎംകെ സര്‍ക്കാര്‍ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ളതാണ്. ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ ഡിഎംകെസര്‍ക്കാര്‍ ഉത്തരവിടുകയും പിന്നാലെ അത് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡിഎംകെ സര്‍ക്കാര്‍ അത്തരം ഇടപെടലുകള്‍ നടത്തുന്നതില്‍ അസംതൃപ്തരാണ് ഇവിടുത്തെ ഭക്തരും ദീക്ഷിതര്‍മാരുമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. കൂടാതെ, 2022 മെയ് മാസത്തില്‍ വീണ്ടും ഡിഎംകെ സര്‍ക്കാര്‍ ക്ഷേത്രത്തിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്ന ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്ക് കനകസഭയില്‍ കയറാം എന്നതാണ് ഈ ഉത്തരവ്. ക്ഷേത്രവിശ്വാസമനുസരിച്ച് ശിവഭഗവാന്‍ നടരാജനൃത്തം ചവിട്ടുന്ന സ്വര്‍ണ്ണത്താല്‍ നിര്‍മ്മിതമായ നൃത്തമണ്ഡപമാണ് കനകസഭൈ. ഇവിടെ ക്ഷേത്രത്തിലെ വാര്‍ഷികോത്സവം കഴിഞ്ഞ് മൂന്ന് ദിവസത്തോളം ആരും കയറാന്‍ പാടില്ലെന്നാണ് ക്ഷേത്രത്തിലെ ആചാരം. അതായത് ഈ ക്ഷേത്രോത്സവദിവസങ്ങളിലാണ് നടരാജ വിഗ്രഹം സര്‍വ്വാഭരണവിഭൂഷിതമായി ഒരുക്കുന്നത്. ഒരു സുരക്ഷ എന്ന രീതിയില്‍ കൂടിയാണ് സാധാരണ ഭക്തരെ ഈ നാളുകളില്‍ കനകസഭയില്‍ കയറ്റാത്തത്. ഇതാണ് ഇന്നലെ ഡിഎംകെ പൊലീസും എച്ച്ആര്‍ ആന്‍റ് സിഇ ഉദ്യോഗസ്ഥരും ലംഘിച്ചത്. അവര്‍ കനാഗസഭാവേദിയില്‍ കയറിയെന്ന് മാത്രമല്ല, അവിടെ നിന്നും ശിവഭഗവാനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Related Articles

Latest Articles