Tuesday, April 30, 2024
spot_img

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ അല്ലെങ്കിൽ തടവ്; കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് തയ്യാറായി

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ അരലക്ഷം രൂപവരെ പിഴ ലഭിക്കും. അല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി വരും. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭാ സേവനങ്ങളും നിഷേധിക്കപ്പെടും.

മാലിന്യം വലിച്ചെറിഞ്ഞാൽ ഇപ്പോഴുള്ള 250 രൂപയുടെ തത്സമയപിഴ 5000 ആക്കാനാണ് ശുപാർശ. പരമാവധി 50,000 ആക്കും. മാലിന്യനിർമാർജനത്തിൽ മുനിസിപ്പൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. മുനിസിപ്പാലിറ്റി നിയമം ഭേദഗതി ചെയ്ത ശേഷം വൈകാതെ, പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാവും. മാലിന്യസംസ്കരണരംഗത്ത് സ്വകാര്യസംരംഭകരെ പ്രോത്സാഹിപ്പിക്കൽ, പദ്ധതി മേൽനോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്‌കരണനിധി തുടങ്ങിയവയും നിയമപരമായി ഉറപ്പാക്കും.

കോടതിവിചാരണയ്ക്കു ശേഷം മാത്രമേ പിഴചുമത്താൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നുള്ളൂ. പുതിയ നിയമത്തിൽ ആളുകളുടെ കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. മാലിന്യനിർമാർജനത്തിൽ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. വീഴ്ചവന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടി ഉണ്ടാകും. കുറ്റം നിഷേധിക്കുന്നവർ കോടതിയിൽ ഹാജരായി ജാമ്യമെടുക്കണം. എന്നാല്‍, കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ ലഭിക്കും.

Related Articles

Latest Articles