Tuesday, December 23, 2025

വയോധികയെ മുറിയിൽ അടച്ചിട്ട് വെട്ടിനുറുക്കി;ബന്ധുവായ പ്രതി പിടിയില്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ വയോധികയെ മുറിയിൽ അടച്ചിട്ട് വെട്ടിനുറുക്കി.മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ബന്ധുവായ റിൻജു സാമിനെ(28) പിടികൂടി. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം.

അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പിൽ റോസമ്മയുടെ മകൻ റിൻജു സാം എന്ന ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഫെബ്രുവരി മുതൽ റിൻജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്നങ്ങൾ ഉള്ള റിൻജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതിൽ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ചെന്നൈയിൽ ജ്വലറിയിൽ ജീവനക്കാരനായിരുന്ന റിൻജു മാനസിക പ്രശ്നങ്ങളെ തുടർന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലീസ് കണ്ടെടുത്തു.

Related Articles

Latest Articles