Saturday, January 3, 2026

പിതാവിന് മതിയായ ചികിത്സ ലഭിച്ചില്ല ! ഗുരുതര ആരോപണവുമായി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മകൾ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതര ആരോപണവുമായി മകള്‍ സോന. ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പോളിനെ അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ എന്തിനാണ് വൈകിപ്പിച്ചതെന്ന് സോന ചോദിച്ചു. ഒരു ചികിത്സയും നല്‍കാതെ രണ്ടുമണിവരെ പിതാവ് ജീവിക്കുമായിരുന്നെങ്കില്‍, നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴും പിതാവ് ജീവനോടെ ഉണ്ടാവുമായിരുന്നുവെന്നും സോന പറഞ്ഞു.

“എന്നോടല്ല, എന്തൊക്കെ ചികിത്സചെയ്തുവെന്ന് ആശുപത്രിക്കാരോടാണ് ചോദിക്കേണ്ടത്. അവിടെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എന്തിനാണ് അത്രയും നേരം പിടിച്ചുനിന്നത്? വലിയ ചികിത്സകിട്ടിയല്ലെന്നേ ഞാന്‍ പറയുകയുള്ളൂ. ഒരു ചികിത്സയും നല്‍കാതെ രണ്ടുമണിവരെ എന്റെ പപ്പ ജീവിക്കുമായിരുന്നെങ്കില്‍, നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു. അവിടെ വേണ്ട ചികിത്സ കിട്ടിയില്ലായെന്നേ ഞാന്‍ പറയുകയുള്ളൂ. എന്തുകൊണ്ട് സര്‍ജറി ചെയ്തില്ലെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, റിപ്പോര്‍ട്ട് അയച്ചുകൊടുത്തപ്പോള്‍ ഇപ്പോള്‍ സര്‍ജറി ആവശ്യമില്ലെന്ന് പറഞ്ഞു. ആ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞ് എത്രനേരം വൈകിപ്പിച്ചു എന്നറിയുമോ?’,

ഞങ്ങള് അവിടെ ചെന്നപ്പോള്‍ മുതല്‍ അരമണിക്കൂര്‍ കഴിഞ്ഞാല്‍ കോഴിക്കോട് കൊണ്ടുപോവും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. 1.05 ആയപ്പോഴാണ് കൊണ്ടുപോയത്. ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവുമെന്ന് പറഞ്ഞു, വയനാട്ടില്‍നിന്ന് ആദ്യമായി എയര്‍ ആംബുലന്‍സില്‍കൊണ്ടുപോവുന്ന സംഭവമാണെന്ന് പറഞ്ഞ് വലിയ വാര്‍ത്തയായിരുന്നല്ലോ?, എന്നിട്ട് ഒന്നും നടന്നില്ലല്ലോ? ഹെലിക്കോപ്റ്റര്‍ എവിടെ”- സോന ചോദിച്ചു.

Related Articles

Latest Articles