Monday, May 20, 2024
spot_img

രണ്ട് കാറിലും ഒരു ബൈക്കിലുമായെത്തിയ പ്രതികൾ ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; മലപ്പുറം സ്വദേശി മുജീബും സംഘത്തെയും പിടികൂടി പോലീസ്

മലപ്പുറം: ഒന്നാം സമ്മാനം കിട്ടിയ കേരളം ഭാഗ്യക്കുറി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിൽ 8 പേർ അറസ്റ്റിൽ. മഞ്ചേരിയിലാണ് സംഭവം നടന്നത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് മഞ്ചേരി പോലീസിന്റെ നടപടി.

അലനല്ലൂർ തിരുവിടാംകുന്ന് മുജീബ്, പുൽപ്പറ്റ കുന്നിക്കൽ പ്രഭാകരൻ, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലൂരിക്കൽ അബ്ദുൾ അസീസ്, അബ്ദുൾ ഗഫൂർ, കൊങ്കശേരി വീട്ടിൽ അജിത് കുമാർ, കലശിയിൽ വീട്ടിൽ പ്രിൻസ്, ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ, മുബഷീർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിർമ്മൽ ടിക്കറ്റിന്റെ ജേതാവാണ് അലവി. കൂടുതൽ പണം നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് സംഘം അലവിയെ സമീപിച്ചത്. ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താൻ സംഘം അലവിയോട് ആവശ്യപ്പെട്ടു. അലവിയുടെ മകനും സുഹൃത്തുമാണ് ടിക്കറ്റുമായി പോയത്.

രണ്ട് കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനെന്ന വ്യാജേന ഇരുവരെയും വാഹനത്തിനകത്തേക്ക് കയറ്റി. തുടർന്ന് മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം സമ്മാനാർഹമായ ടിക്കറ്റുമായി കടന്ന് രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഭാഗ്യക്കുറി വിജയികളെ കണ്ടെത്തി തട്ടിപ്പിനിരയാക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles