തിരുവനന്തപുരം: ആലുവയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് നടൻ സുരേഷ്‌ഗോപി സഹായ ധനം നൽകാൻ പ്രഖ്യാപിച്ചതിന് പിന്നാലെ 10 ലക്ഷം രൂപ നല്‍കാന്‍ ഒരുങ്ങി സർക്കാർ. കഴിഞ്ഞ ദിവസം ധനസഹായമായി ഒരു ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. അതിന് ശേഷമാണ് നടൻ സുരേഷ്‌ഗോപി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ, പ്രതി അസഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്നും പരിശോധിക്കും. കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞദിവസം അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.

