Monday, May 13, 2024
spot_img

ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് ബിൽ ; കേന്ദ്ര സർക്കാരിന് പിന്തുണയുമായി ടിഡിപി; ആം ആദ്മി നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; ആന്ധ്രയിലെ ഭരണ- പ്രതിപക്ഷ പിന്തുണ ബിജെപിക്ക്

ദില്ലി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസിന് പിന്തുണയുമായി തെലുങ്ക് ദേശം പാർട്ടി (ടിഡിപി) രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ടിഡിപിയുടെ നീക്കം.

എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി 2018ൽ സഖ്യം വിടുകയും നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പാർട്ടി വീണ്ടും ബിജെപിയോട് അടുക്കാൻ ശ്രമിക്കുകയാണ്.

ലോക്സഭയിൽ മൂന്നും രാജ്യ സഭയിൽ ഒന്നും എംപിമാരാണ് ടിഡിപിക്കുള്ളത്. ആന്ധ്രാപ്രദേശ് ഭരിക്കുന്ന വൈഎസ്ആർസിപി പാർട്ടിയും കഴിഞ്ഞ ദിവസം ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആന്ധ്രയിലെ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയെ പിന്തുണയ്ക്കും എന്ന പ്രത്യേകത കൂടിയായി. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കും ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ദില്ലി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ. ദില്ലി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. ബിൽ പ്രകാരം ദില്ലിയിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷനടക്കമുള്ള നടപടികളും കേന്ദ്രത്തിലെ നിയന്ത്രണത്തിലാകും

Related Articles

Latest Articles