Saturday, May 18, 2024
spot_img

കേന്ദ്രം കണ്ണുരുട്ടി; തിരുപ്പതി ക്ഷേത്രത്തെ അട്ടിമറിക്കുന്ന നടപടികള്‍ക്ക് കടി‍ഞ്ഞാണിടാന്‍ ആന്ധ്രസര്‍ക്കാര്‍

ഹൈദരാബാദ്: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തവും സന്പന്നവുമായ ക്ഷേത്രമാണ് ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രം. ഈ ക്ഷേത്രത്തെയും ക്ഷേത്രവിശ്വാസത്തെയും തകര്‍ക്കാനുള്ള ഗൂഢ ശ്രമം ഏറെക്കാലമായി സംസ്ഥാനത്തെ ഒരു വിവാദ വിഷയമാണ്. ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബി ശക്തമായ ആന്ധ്രപ്രദേശില്‍ അധികാരികളുടെ സഹായത്തോടെയാണ് പലപ്പോഴും ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്.

കോണ്‍ഗ്രസ് നേതാവും ക്രിസ്ത്യന്‍ മതവിശ്വാസിയുമായിരുന്നു മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢി. ഇദ്ദേഹത്തിന്‍റെ ഭരണകാലത്ത് തിരുമലക്ഷേത്രത്തിന് സമീപം ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ ശ്രമം ഉണ്ടായിരുന്നുവെന്ന് ശക്തമായ ആരോപണം ഉണ്ടായിരുന്നു. തിരുമല ക്ഷേത്രത്തിലെ ജീവനക്കാരുള്‍പ്പെടെ പലരേയും ക്രിസ്ത്യന്‍ മതപരിവര്‍ത്തന ലോബി മതം മാറ്റി. ക്ഷേത്രഭരണത്തിലുള്ള ഒരു ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ കയറുന്ന ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുന്പ് ഒരു ടി വി ചാനല്‍ പുറത്തുവിട്ടിരുന്നു.

വൈ എസ് ആറിന്‍റെ അകാല മരണത്തോടെ ഇപ്പോള്‍ മകന്‍ ജഗന്‍ റെഡ്ഢി മുഖ്യമന്ത്രിയായതോടെ മതപരിവര്‍ത്തന ലോബി വീണ്ടും ശക്തമായി രംഗത്തുവന്നെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു.

തിരുപ്പതി ക്ഷേത്രത്തിനു സമീപം പള്ളിസ്ഥാപിക്കാനും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. ക്ഷേത്രത്തിലേക്കുള്ള ആന്ധ്ര റോഡ് കോര്‍പ്പറേഷന്‍ ബസ്സ് ടിക്കറ്റുകളുടെ പിന്നില്‍ ‍ജറുസലേം വിശുദ്ധ യാത്രയുടെ പാരമ്പര്യം പ്രിന്‍റ് ചെയ്തതും കഴിഞ്ഞ മാസമാണ്. വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ഏറ്റവും ഇഷ്ടപ്പെട്ട തീർത്ഥാടന കേന്ദ്രമായിരുന്ന ജെറുസലേം.

വിവാദമായതിനെ തുടർന്ന് ടിക്കറ്റുകൾ പിൻവലിക്കുകയും ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍റ് ചെയ്ത് തലയൂരുകയും ചെയ്തു സംസ്ഥാനസർക്കാർ. എന്തായാലും തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരെപോലും മതംമാറ്റാൻ നടക്കുന്ന ക്രിസ്ത്യൻ ലോബിക്കെതിരെ കേന്ദ്രസർക്കാർ മുഖ്യമന്ത്രി ജഗൻ മോഹനും അന്ത്യാശാസനം നൽകിയെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഈ വിഷയം ജഗന്‍ റെഡ്ഢിയുമായി ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ട് .

ഇതേ തുടർന്ന് തിരുമല ക്ഷേത്രത്തിൽ ഹിന്ദു വിശ്വാസികളല്ലാത്ത ജീവനക്കാരെ ഒഴിവാക്കാൻ ആന്ധ്ര സർക്കാർ നടപടികൾ തുടങ്ങി.ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച ക്ഷേത്ര ജീവനക്കാരിൽ 44 പേര്‍ ക്രിസ്തുമത വിശ്വാസികളാണ്. പുതിയ സർക്കാർ ഉത്തരവനുസരിച് ഇവരെ അന്യ വകുപ്പുകളിലേക്കു മാറ്റും. എന്ന് മാത്രമല്ല കൂടുതൽ അന്യമതസ്ഥര്‍ ഉണ്ടോയെന്നറിയാന്‍ ജീവനക്കാരുടെ വീടുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും അന്ധ്രപ്രദേശ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എല്‍ വി സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു.

എന്തായാലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ജഗന്‍മോഹന്‍ മതപരിവര്‍ത്തന വിഷയത്തില്‍ യാഥാര്‍ത്ഥത്തില്‍ നടപടികള്‍ എടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനത്തെ ഹൈന്ദവസമൂഹം.

Related Articles

Latest Articles